Site iconSite icon Janayugom Online

എസ്ഐആര്‍: തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ തൃണമൂല്‍

വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തില്‍ (എസ്‌ഐആര്‍) ബിജെപിയെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനെ ദുരൂപയോഗം ചെയ്യുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആരോപിച്ചു.
പശ്ചിമ ബംഗാളിലെ എസ്‌ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അഭിഷേക് ബാനര്‍ജിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ക്ഷുഭിതനായി തനിക്ക് നേരെ വിരല്‍ ചൂണ്ടി സംസാരിച്ചെന്നും അഭിഷേക് ബാനര്‍ജി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. എസ്‌ഐആര്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതില്‍ കമ്മിഷൻ പരാജയപ്പെട്ടെന്നും ബാനര്‍ജി പറഞ്ഞു. യോഗത്തില്‍ ഗ്യാനേഷ് കുമാര്‍ കയര്‍ത്തുസംസാരിച്ചു. പ്രതിനിധികള്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തനിക്ക് നേരെ വിരല്‍ ചൂണ്ടി സംസാരിച്ചു എന്നാണ് അഭിഷേക് ബാനര്‍ജിയുടെ പ്രതികരണം. യോഗത്തിന്റെ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്ത് വിടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version