എസ്ഐആര്‍ ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുപിയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു. ജിവനൊടുക്കുന്നതിന് മുമ്പ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. മൊറാദാബാദിലാണ് സംഭവം. 46കാരൻ സര്‍വേഷ് സിങ്ങാണ് ആത്മഹത്യ ചെയ്തത്.
അമിത ജോലിഭാരം കാരണം താൻ ആത്മഹത്യ ചെയ്യുകയാണെന്നും വിഡിയോയില്‍ പറയുന്നു.
കഠിനാധ്വാനം ചെയ്തിട്ടും തനിക്ക് ആ ജോലി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും സിങ് കരഞ്ഞുകൊണ്ട് പറഞ്ഞു. കൂടാതെ തന്റെ മാതാവിനോട് ക്ഷമ ചോദിക്കുകയും തന്റെ നാല് പെണ്‍കുട്ടികളെ നന്നായി നോക്കണമെന്നും പറയുന്നുണ്ട്.
അധ്യാപകനായ സര്‍വേഷ് സിങ് ഒക്ടോബര്‍ ഏഴിനാണ് ബിഎല്‍ഒയായി ചുമതല ഏല്‍ക്കുന്നത്. പിന്നാലെ ആദ്യമായി ഏറ്റെടുത്ത ചുമതല നന്നായി ചെയ്യാൻ കഴിയാതത്തിന്റെയും ജോലി സമ്മര്‍ദ്ദവുമാണ് അദ്ദേഹത്തെ ഈ കുടുംകൈയ്ക്ക ചെയ്യാൻ പ്രേരിപ്പിച്ചത്. ഭാര്യ ബാബ്ലി ദേവി അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

