വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് ദിനപത്രം സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം(33) നിര്യാതനായി. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിൻ്റെ മരണം സംഭവിച്ചത്. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ് ജാഫർ.
ശനിയാഴ്ച പുലർച്ചെ 12.50ന് കോഴിക്കോട് – വയനാട് ദേശീയ പാതയിലായിരുന്നു സംഭവം. ഓഫീസിലെ ജോലി കഴിഞ്ഞ് ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ജാഫറിനെയും കൂടെയുണ്ടായിരുന്ന സിറാജ് ജീവനക്കാരനായ സുഹൃത്ത് അസീസിനെയും എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ഞായറാഴ്ച പുലർച്ചെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

