ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം അവതാളത്തിലാക്കി കേന്ദ്രസർക്കാരിന്റെ നിരന്തര അവഗണയിൽ അവസാന സൈറൺ മുഴങ്ങുന്നതും കാത്ത് കഴിയുകയാണ് നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ മാനേജ്മെന്റിന് കീഴിലുള്ള മില്ലുകൾ. കോവിഡിന്റെ പേരിൽ എൻടിസി മില്ലുകൾ അടച്ചുപൂട്ടിയിട്ട് മൂന്ന് വർഷം തികയുന്നു. ലോക്ഡൗൺ തീർന്ന് ബാക്കിയെല്ലാം പഴയ പടിയായെങ്കിലും മില്ലുകൾ മാത്രം തുറന്നില്ല. മില്ലുകൾ തുറക്കാത്തതിനാൽ ടെക്സ്റ്റൈൽ തൊഴിലാളികളുടെ ജീവിതം ദുരിതമയമായി തുടരുകയാണ്.
രാജ്യത്ത് എൻടിസിയുടെ 23 മില്ലുകളിൽ തൃശൂരിലെ അളഗപ്പയും കേരള ലക്ഷ്മിയും ഉൾപ്പെടെ നാലെണ്ണം കേരളത്തിലാണ്. തിരുവനന്തപുരം പൂജപ്പുര വിജയമോഹിനി മിൽസ്, കണ്ണൂർ കക്കാട് കാന്നൂർ സ്പിന്നിങ് ആന്റ് വീവിങ് മിൽസ് എന്നിവയാണ് മറ്റു മില്ലുകൾ. ഇതിൽ വിജയമോഹിനിയും കണ്ണൂരിലെ മില്ലും ഇടക്കാലത്ത് തുറന്നെങ്കിലും വീണ്ടും പ്രവർത്തനരഹിതമായി. മില്ലുകൾ തുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തൊഴിലാളികളും എഐടിയുസി അടക്കമുള്ള തൊഴിലാളി സംഘടനകളും നിരവധി സമരങ്ങൾ നടത്തിയിരുന്നു. നിരന്തര സമരങ്ങൾക്കും തുടർചർച്ചകൾക്കും ശേഷം ഉടനെ തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും മില്ലുകൾ ഇപ്പോഴും പൂട്ടി ക്കിടക്കുകയാണ്. അളഗപ്പ മില്ലിലും കേരള ലക്ഷ്മിയിലും തൊഴിലാളികൾക്ക് ശമ്പളം തന്നെ മുഴുവൻ നൽകിയിട്ടില്ല. ബോണസുകളും തടഞ്ഞുവച്ചിരിക്കുകയാണ്. ലോക്ഡൗൺ കാലത്ത് പകുതി ശമ്പളമാണ് സ്ഥിരം ജീവനക്കാർക്ക് മാനേജ്മെന്റ് നല്കിയത്. എന്നാൽ കമ്പനി പ്രവർത്തിക്കാത്തതിനാൽ പിന്നീട് കാൽഭാഗം ലഭിച്ചിരുന്നെങ്കിലും നിലവിൽ ഒന്നും ലഭിക്കാത്ത അവസ്ഥയാണ്.
കോർപറേഷന് രാജ്യത്താകെ ഉണ്ടായിരുന്ന 150 ഓളം മില്ലുകളിൽ ശ്രദ്ധേയമായിരുന്നു അളഗപ്പ ടെക്സ്റ്റയിൽസ്. ഒരു കാലത്ത് കോർപറേഷനു കീഴിൽ എറ്റവും കൂടുതൽ ലാഭം നേടികൊടുത്തിരുന്നതാണ് അളഗപ്പമിൽ. മൂവായിരത്തോളം പേർ വരെ മൂന്ന് ഷിഫ്റ്റുകളിലായി ഇവിടെ ജോലി ചെയ്തിരുന്നു. എന്നാൽ കോവിഡിനു മുന്നേ തന്നെ 180 ഓളം വരുന്ന ഗേറ്റ് ബദലി തൊഴിലാളികൾക്ക് ജോലി നൽകാതായി. ഇപ്പോൾ 287സ്ഥിരം തൊഴിലാളും 197 ദിവസ വേതനക്കാരും 52 ഓഫിസ് ജീവനക്കാരുമടക്കം മൊത്തം 536 തൊഴിലാളികളാണുള്ളത്. തൊഴിലാളികളിൽ പകുതിയോളം പേർ സ്ത്രീകളാണ്. അനുബന്ധ തൊഴിലാളികൾ ഇതിലേറെ വരും. ലക്ഷ്മി മില്ലിൽ 271 സ്ഥിരം തൊഴിലാളികളും 168 ദിവസവേതനക്കാരും 50 ഓഫിസ് ജീവനക്കാരുമടക്കം മൊത്തം 489 തൊഴിലാളികളുണ്ട്. മില്ലുകൾ തുറന്ന് പ്രവർത്തിക്കാൻ വൈകുന്നത് യന്ത്രങ്ങളുടെ തുടർപ്രവർത്തനത്തെ ബാധിക്കുമെന്നും തൊഴിലാളികൾ പറയുന്നു.
എൻടിസി മില്ലുകൾ തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നെങ്കിലും ഇതുവരെയും അനുകൂല നടപടിയൊന്നും ഉണ്ടായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ എൻടിസി സ്പിന്നിങ് മില്ലുകൾ നിയമം മൂലം കേരള സർക്കാർ ഏറ്റെടുത്ത് വ്യവസായവും തൊഴിലും സംരക്ഷിക്കണമെന്ന് എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സർക്കാർ വിട്ടുനൽകിയ ഭൂമിയിലാണ് മില്ലുകൾ തുടങ്ങിയത്. അതിനാൽ ഭൂമി സംസ്ഥാന സർക്കാരിന് തിരിച്ചുപിടിക്കാവുന്നതാണെന്നിരിക്കെ കോവിഡ് കാലത്ത് കേരള ലക്ഷ്മിയുടെ ഉൾപ്പെടെയുള്ള മില്ലുകളുടെ ആസ്തി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇത് മില്ലുകൾ കുത്തകകൾക്ക് കൈമാറുന്നതിനു മുന്നോടിയാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.
English Summary: Siren born to NTC mills; It has been three years since it was shut down under the guise of covid
You may also like this video

