വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ കഠിനമായ ചൂടിനെ തരണം ചെയ്ത് മട്ടുപ്പാവ് കൃഷിയിൽ നൂറുമേനി വിളയിച്ച് സഹോദരിമാർ വേറിട്ട മാതൃകയാവുന്നു. ആലപ്പുഴ നഗരസഭ വട്ടയാൽ വാർഡിൽ പുത്തൻവീട് പുരയിടം ഫരീദ മൻസിലിൽ ആറാം ക്ലാസുകാരി ഫരീദ ഫിറോസും അനുജത്തി മൂന്നാം ക്ലാസുകാരി ഫാദിയ ഫിറോസുമാണ് മട്ടുപ്പാവ് കൃഷിയിൽ മിന്നും താരങ്ങളാകുന്നത്. രാസപദാർത്ഥങ്ങളോ മറ്റ് കീടനാശിനികളോ ഉപയോഗിച്ച് മണ്ണിനെയും അതുവഴി പരിസ്ഥിതിയെയും നശിപ്പിക്കുന്ന കൃഷി രീതിക്ക് പകരം തീർത്തും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായിട്ടുള്ള ജൈവീകമായ (ജൈവ കൃഷി) കൃഷിരീതിയാണ് മട്ടുപ്പാവ് കൃഷിക്കായി കുട്ടികൾ തിരഞ്ഞെടുത്തിരിക്കുന്നത്. കാബേജ്, കോളീഫ്ലവർ, തക്കാളി, പച്ചമുളക്, വെള്ളരി, കാന്താരി, പട്ടുച്ചീരയടക്കമാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്തത്. ഒന്നാംഘട്ട കൃഷിയുടെ വിജയത്തെ തുടർന്ന് ഓണം ലക്ഷ്യമാക്കി നടത്തിയ രണ്ടാംഘട്ട കൃഷിയിൽ, ഇഞ്ചി, തക്കാളി, പച്ചമുളക്, വെണ്ട, വഴുതന, വെള്ളരി, കിഴങ്ങ്, ഉള്ളി എന്നീ പച്ചക്കറികളും ചെണ്ടുമല്ലി (ബന്ദി), വാടാമുല്ലയടക്കം പൂക്കളുമാണ് വിജയകരമായി ഇപ്പോൾ കൃഷി ചെയ്തുവരുന്നത്. പച്ചക്കറിയും പൂക്കളും കൂടാതെ ഡ്രാഗൺ ഫ്രൂട്ട്, ഓറഞ്ച്, റമ്പൂട്ടാൻ, പപ്പായ, സീതപ്പഴം, തായ്‌ലന്‍ഡ് ചാമ്പയടക്കം ഫ്രൂട്ട്സ് തൈകളും, കറ്റാർ വാഴ, പനിക്കൂർക്ക, തുളസിയടക്കം ആയുർവേദ ചെടികളും രണ്ടാംഘട്ട കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2024ലെ ആലപ്പുഴ നഗരസഭയുടെ മികച്ച കുട്ടി കർഷകർക്കുള്ള പ്രഥമ പുരസ്കാരം കുട്ടികർഷകരായ ഫരീദയ്ക്കും ഫാദിയയ്ക്കുമാണ് ലഭിച്ചത്. കേന്ദ്ര സർക്കാർ പദ്ധതിയായ “ബേട്ടി ബച്ചാവോ ബേട്ടി പഠാവോ” അംബാസഡേഴ്സായി ജില്ലാ വനിതാ ശിശു വികസന വകുപ്പ് തിരഞ്ഞെടുത്തതും ഫരീദയെയും ഫാദിയയുമാണ്. നഗരത്തിലെ കനാൽ കരയിലെ കയർപാർക്കിൽ നിന്നും കളഞ്ഞുകിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് പൊലീസിന്റെ സാന്നിധ്യത്തിൽ ഉടമയ്ക്ക് സഹോദരിമാർ തിരികെ നൽകിയത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ജൈവകൃഷി പ്രചാരകനും വനമിത്ര പുരസ്കാര ജേതാവുമായ ഫിറോസ് അഹമ്മദും നാസിലയുമാണ് മാതാപിതാക്കൾ. രണ്ടര വയസുകാരൻ ഫാദിൽ മുഹമ്മദ് അനുജനും. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
കൂട്ടുകാരെ, ഈ സഹോദരിമാര്‍ക്ക് കൃഷിയിലുള്ള താല്പര്യവും അതിന്റെ വിജയവും നിങ്ങള്‍ക്കും പ്രചോദനമായിത്തീരട്ടെ. കൃഷിയെ സ്നേഹിക്കുന്നൊരു വിദ്യാര്‍ത്ഥി സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ ഓരോരുത്തരും പരിശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു.