Site iconSite icon Janayugom Online

ശബരിമലയിലെ കട്ടിളപ്പാളികള്‍ നഷ്ടമായിട്ടില്ല;എന്നാല്‍ സ്വര്‍ണ്ണം നഷ്ടമായതായി എസ്ഐടി

ശബരിമലയിലെ കട്ടിളപ്പാളികള്‍ നഷ്ടമായിട്ടില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശിയ പാളികളുടെയും, ക്ഷേത്രത്തിലെ മറ്റു പാളികളുടെയും ഘടന പരിശോധിച്ച വിഎസ്എസ് സി ശാസ്ത്രജ്ഞരുടെ മൊഴികളില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഈ നിഗമനത്തിലേക്ക് എത്തിയത്.ശാസ്ത്രജ്ഞരുടെ വിശദ മൊഴി രേഖപ്പെടുത്താനും ഇവരുടെ അന്വേഷണ റിപ്പോർട്ടിലെ സാങ്കേതികപ്രയോഗങ്ങളിൽ കൂടുതൽ വിശദീകരണം തേടാനും കോടതി നിർദേശിച്ചിരുന്നു.

ചെമ്പുപാളികളുടെ ഘടനയിൽ മാറ്റം സംഭവിച്ചിട്ടില്ലെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം എത്തിച്ചേർന്നിട്ടുള്ളതെന്ന് അറിയുന്നു. അതേസമയം സ്വർണം നഷ്ടമായിട്ടുണ്ട്. യുബി.ഗ്രൂപ്പ് സ്വർണംപൂശിയ പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി ക്ഷേത്രത്തിനു പുറത്തു കൊണ്ടുപോകുകയും, സ്വർണം മാറ്റിയശേഷം സ്‌പോൺസർഷിപ്പിൽ സമാഹരിച്ച സ്വർണംപൂശി തിരിച്ചെത്തിക്കുകയും അതിന്റെ പേരിൽ തട്ടിപ്പു നടത്തുകയും ചെയ്തെന്ന കുറ്റം പ്രതികൾക്കെതിരേ നിലനിൽക്കും. 

അതേസമയം പൗരാണികമൂല്യമുള്ള കട്ടിളപ്പാളികൾ സ്വർണംപൂശിയതിന്റെ മറവിൽ കടത്തിയെന്ന കുറ്റം നിലനിൽക്കാനുള്ള സാധ്യത കുറവാണ്. ഇങ്ങനെ പാളികൾ കടത്തിയിട്ടില്ലെന്ന മൊഴികളാണ് പ്രതികളും നൽകിയിട്ടുള്ളത്. പാളികളുടെ രാസഘടനയും ഇതു ശരിവയ്ക്കുന്നതാണ്. ശാസ്ത്രജ്ഞരുടെ മൊഴിയും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കും. ഹൈക്കോടതി നിരീക്ഷണത്തിൽ നടക്കുന്ന അന്വേഷണത്തിൽ കോടതി അനുമതിയോടെ മാത്രമേ കുറ്റപത്രം നൽകാൻ കഴിയുകയുള്ളൂ. 

ഹൈക്കോടതി നിർദേശിച്ച രീതിയിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നതിനാലാണ് കുറ്റപത്രം വൈകുന്നതെന്ന് അറിയുന്നു.അതിനിടയില്‍ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി പരിഗണിക്കുന്നത് കൊല്ലം വിജിലൻസ് കോടതി ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. അന്ന് കോടതി തുടർവാദം കേൾക്കും. ദ്വാരപാലകശില്പത്തിലെ സ്വർണം അപഹരിച്ച കേസിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിച്ചേക്കും. 

പ്രത്യേക അന്വേഷണസംഘം 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ, കേസിലെ മൂന്നാംപ്രതിയും ശബരിമല മുൻ എക്സിക്യുട്ടീവ് ഓഫീസറുമായ ഡിസുധീഷ്‌കുമാറും സ്വാഭാവികജാമ്യത്തിന് അപേക്ഷ നൽകാൻ നീക്കം തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച ജാമ്യാപേക്ഷ നൽകുമെന്നാണ് സൂചന. കേസിലെ രണ്ടാംപ്രതിയും ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിന് കഴിഞ്ഞദിവസം രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതിനെത്തുടർന്ന് ജയിൽമോചിതനായിരുന്നു. 

സ്വർണാപഹരണക്കേസുകളിലെ മറ്റ് പ്രതികളായ തിരുവാഭരണം മുൻ കമ്മിഷണർ കെഎസ് ബൈജു, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്ക് ദീർഘിപ്പിച്ചു. റിമാൻഡ് കാലാവധി അവസാനിച്ചതിനാൽ നാലു പേരെയും കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

Exit mobile version