ഓര്‍മ്മ നഷ്ടപ്പെട്ട് വഴിതെറ്റി കേരളത്തിലെത്തിയ ശേഷം കണ്ണൂര്‍ പിലാത്തറയിലെ ഹോപ്പ് പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന നേപ്പാള്‍ സ്വദേശിനി സീതാ ഖനാലിനെ(52) ഇന്ന് നേപ്പാള്‍ എംബസിക്ക് കൈമാറും. വൈകിട്ട് മൂന്നുമണിക്ക് കേരളാഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ഏഴുവര്‍ഷമായി സീതയെ പരിപാലിച്ച ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ എസ് ജയമോഹന്‍, പ്രസിഡന്റ് ഫാ. ജോര്‍ജ്ജ് പൈനാടത്ത്, സെക്രട്ടറി ഡാനിയല്‍ എബ്രഹാം എന്നിവരുടെ സാന്നിധ്യത്തില്‍ നേപ്പാള്‍ എംബസി സെക്രട്ടറി തങ്ക ബഹാദൂര്‍ റായ്, എംബസി ഉദ്യോഗസ്ഥന്‍ നവീന്‍ ജോഷി എന്നിവര്‍ക്ക് കൈമാറും.
ഹോപ്പ് മുഖ്യ രക്ഷാധികാരി എസ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ സി വേണുഗോപാല്‍ എംപി, ഡിഎംഎ പ്രസിഡന്റ് രഘുനാഥ് കെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ലെയ്‌സണ്‍ ഓഫീസര്‍ വേണുഗോപാല്‍, ജയരാജ് എന്‍ കെ തുടങ്ങിയവരും പങ്കെടുക്കും. പയ്യന്നൂര്‍ ഒളവറയില്‍ അലഞ്ഞുനടന്ന സീതയെ പൊലീസാണ് പിലാത്തറയിലെ ഹോപ്പിലെത്തിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ മാസങ്ങള്‍ നീണ്ട ചികിത്സയില്‍ ഓര്‍മ്മ ഭാഗികമായി വീണ്ടെടുത്തപ്പോള്‍ പേര് വനമാലയെന്നും ഭര്‍ത്താവും ആറു മക്കളുമുണ്ടെന്നുമാണ് പറഞ്ഞത്.
2021ല്‍ ഹോപ്പില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ കോട്ടയം ബിവിഎം കോളേജിലെ എംഎസ്ഡബ്ല്യു വിദ്യാര്‍ത്ഥി ജസ്റ്റീന നിവില്‍ സീതയെ ഏറ്റെടുത്ത് ഒരു മാസം ഒപ്പം താമസിപ്പിച്ചു. അങ്ങനെയാണ് സീതാ ഖനാല്‍ എന്ന യഥാര്‍ത്ഥ പേര് അവര്‍ ഓര്‍മ്മിച്ചെടുത്തത്. ഭര്‍ത്താവ് ദേവ് രാജ് ഖനാല്‍ നേപ്പാളില്‍ ബുദ്ധവിഹാരത്തിലെ പൂജാരിയാണ്. വിദേശമന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ കപിലവസ്തുവില്‍ ഇങ്ങനെ ഒരാളെ കാണാതായിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് കൈമാറാന്‍ നടപടിയുണ്ടായത്. ഭര്‍ത്താവ് സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിലേക്ക് മടങ്ങിവരാന്‍ ഹോപ്പ് സഹായിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
English summary;Sita Khanal, who went astray in Kerala, will be handed over to the Nepal Embassy today
You may also like this video;