Site icon Janayugom Online

കത്ത്, ഖേദം, മുട്ടുകാലിൽ ഇഴയൽ. . ഒടുവിൽ ശിവദാസൻനായർ അകത്ത്

Sivadasan nair

ഡിസിസി പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് ചന്ദ്രഹാസം ഇളക്കിയ മുൻ ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ ശിവദാസൻ നായർ പാർട്ടിയിൽ നിന്നും രാജിവെക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിത്തെറിച്ച അദ്ദേഹം കോൺഗ്രസ്സ് നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിനോട് ദയനീയമായി പരാജയപ്പെട്ട ശിവദാസൻനായർ ഡിസിസി പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്ന മോഹം ഉള്ളിലൊതുക്കിയാണ് കഴിഞ്ഞത്. ഡിസിസി പ്രസിഡന്റായിരുന്ന ബാബു ജോർജ്ജിനെ പുകച്ചു പുറത്തുചാടിക്കാൻ ആവുന്ന വിധത്തിലുള്ള പാരകളെല്ലാം എടുത്ത് പ്രയോഗിക്കുകയും ചെയ്തു. ഡിസിസി പ്രസിഡന്റാകാൻ കച്ചകെട്ടി ഒരുങ്ങിയിരുന്നവരെയെല്ലാം ഒരുവിധത്തിൽ മെരുക്കിയ ശിവദാസൻ നായർ ഡിസിസി പ്രസിഡന്റ് കസേരയിൽ ഇരിക്കുന്ന സുദിനം വരുന്നതും കാത്തുകാത്തിരിക്കുകയായിരുന്നു.

ഒടുവിൽ കെപിസിസി ലിസ്റ്റ് പുറത്തുവന്നപ്പോൾ കൈയ്യിലുണ്ടാകുമെന്ന് കരുതിയ കസ്തൂരി മാമ്പഴം സതീഷ് കൊച്ചുപറമ്പിൽ അടിച്ചെടുത്തുകൊണ്ടുപോയി. ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല..കക്ഷത്തിലിരുന്നത് പോവുകയും ചെയ്തു എന്ന സ്ഥിതിയിലായി ശിവദാസൻനായർ. ഇതിനിടയിൽ അച്ചടക്ക ലംഘനത്തിന് കെപിസിസി പ്രസിഡന്റ് വക നോട്ടീസും ശിവദാസൻനായർക്ക് ലഭിച്ചു. ഇതോടെ പെരുവഴിയിലാകുമെന്ന് ഉറപ്പിച്ച ശിവദാസൻനായർ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ കാല് പിടിച്ച് മാപ്പ് ഇരക്കേണ്ടി വന്നു അകത്താകാൻ. തൃപ്തികരമായ മറുപടി ലഭിച്ചതുകൊണ്ടാണ് ശിവദാസൻനായരെ തിരിച്ചെടുത്തതെന്നാണ് കെപിസിസി അധ്യക്ഷൻ പറയുന്നത്.

മുന്നോട്ടുള്ള പ്രയാണത്തിൽ പാർട്ടിക്ക് കരുത്തും ശക്തിയും നൽകാൻ ശിവദാസൻ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരൻ പറഞ്ഞിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൈയ്യിലുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് ഭരണം കൈമോശം വന്നു. ആകെയുള്ള എട്ട് ബ്ലോക്കുകളിൽ ആറിലും ഭരണം നഷ്ടപ്പെട്ടു. നാല് മുനിസിപ്പാലിറ്റികളിൽ മൂന്നിൽ നിന്നും പുറത്തായി. ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും പ്രധാന പ്രതിപക്ഷമായി. അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ ഒന്നിൽപ്പോലും പച്ചതൊട്ടില്ല. ശിവദാസൻനായർ കൂടി നേതൃത്വം നൽകിയ പാർട്ടിയുടെ ബാക്കിപത്രമാണിതൊക്കെ.

 

You may like this video also

Exit mobile version