Site iconSite icon Janayugom Online

ഗുരുവിനെ താഴ്ത്തിക്കെട്ടൽ: വിഎച്ച്പി മാസികയ്ക്കെതിരെ ശിവഗിരി മഠം

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ പുറന്തള്ളാനുള്ള സംഘ്പരിവാറിന്റെ കുടില തന്ത്രങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. വിശ്വഹിന്ദു പരിഷത്തിന്റെ മുഖ പ്രസിദ്ധീകരണത്തിൽ രണ്ട് ലക്കങ്ങളിലായി പുറത്തുവിട്ട, വൈക്കം സത്യഗ്രഹം-ഒരു പുനർവായന എന്ന ലേഖനത്തിലാണ്, വൈക്കം സത്യഗ്രഹത്തില്‍ ഗുരുവിന്റെ പങ്കിനെ താഴ്ത്തിക്കെട്ടാനും തൽസ്ഥാനത്ത് ചട്ടമ്പിസ്വാമികളെ പ്രതിഷ്ഠിക്കാനുമുള്ള ഹീന ശ്രമം നടത്തിയിരിക്കുന്നത്. ചട്ടമ്പിസ്വാമികളുടെ രംഗപ്രവേശത്തോടു കൂടിയാണ് കേരളത്തിൽ നവീകരണ പ്രസ്ഥാനമുണ്ടായതെന്ന് സ്ഥാപിക്കാനും ഡോ. സി ഐ ഐസക്കിന്റെ പേരിലുള്ള ലേഖനം കണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ലേഖനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ആദ്യം രംഗത്തെത്തിയിരിക്കുന്നത് വർക്കല ശിവഗിരി മഠം ധർമ ട്രസ്റ്റാണ്.

ചരിത്ര സത്യങ്ങളെ വികലപ്പെടുത്തുന്നതും അവാസ്തവവും ചരിത്ര പുരുഷന്മാരുടെ മുഖത്ത് കരിനിഴൽ പരത്തുന്നതും ഗുരുദേവനെ തമസ്കരിക്കുന്നതുമായ ഇത്തരം ലേഖനങ്ങൾ സംഘ്പരിവാർ സംഘടനകൾ തുടരെ പ്രസിദ്ധീകരിക്കുകയാണെന്ന് മഠം ധർമ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആരോപിച്ചു. ശ്രീനാരായണ ഗുരുവാകുന്ന ദീപ്ത സ്തംഭത്തിൽ ചട്ടമ്പിസ്വാമി എന്ന പതാക കെട്ടാൻ ഒരു കാലത്തും അനുവദിക്കുകയില്ലന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു.
ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമിയുടെ ശിഷ്യനാണെന്ന് വരുത്തിത്തീർക്കാൻ വർഷങ്ങളായി ചിലർ പാടുപെടുകയാണ്.

ഗുരുവും സ്വാമിയും പരിചയപ്പെടുന്ന കാലത്ത് സ്വാമിക്ക് സംസ്കൃതം വശമില്ലായിരുന്നെന്നും ഗുരുവാണ് സംശയം തീർത്തു കൊടുത്തതെന്നും ചരിത്രമുണ്ട്. അതുകൊണ്ട്, ചട്ടമ്പിസ്വാമി ഗുരുവിന്റെ ശിഷ്യനാണെന്ന് ശിവഗിരി മഠവും മറ്റും വാദിക്കാറില്ലെന്നും ചട്ടമ്പിസ്വാമി ഒരു സാമൂഹ്യ പരിഷ്കർത്താവോ വിപ്ലവകാരിയോ ആയിരുന്നില്ലെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. ചട്ടമ്പിസ്വാമി ഇരുന്ന പാറപ്പുറത്ത് ശിവപ്രതിഷ്ഠ നടത്താൻ ശ്രീ നാരായണ ഗുരുവിന് പ്രേരണ നൽകിയത് സ്വാമിയാണെന്ന് എഴുതാൻ ഇക്കൂട്ടർക്ക് യാതൊരു ഉളിപ്പുമില്ല.

ചരിത്രവുമായി ബന്ധമില്ലാത്ത ഇത് ഗുരുവിനെ നിന്ദിക്കാൻ പലരും പറയുന്നുണ്ട്. എന്നാൽ, പ്രതിഷ്ഠയ്ക്ക് ചട്ടമ്പിസ്വാമി എതിരായിരുന്നു എന്ന കാര്യം അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. ഗുരുദേവനെയും പ്രസ്ഥാനത്തെയും ആക്ഷേപിക്കുന്ന ഇത്തരം പുനർവായനകൾ സനാതന ധർമത്തിനും സദ്ചിന്തയ്ക്കും അവമതിപ്പുണ്ടാക്കുന്നതും വിഭാഗീയതയുടെ അലകൾ ഉയർത്തുന്നതുമാണ്.

ശ്രീനാരായണ ഗുരു വൈക്കത്തു കൂടി റിക്ഷയിൽ പോകുമ്പോൾ’ ഇവിടം മുതൽ അയിത്തജാതിക്കാർക്ക് പ്രവേശനമില്ല’ എന്ന ബോർഡ് ചൂണ്ടിക്കാട്ടി ഒരു ബ്രാഹ്മണൻ എതിർത്തുവെന്നും’ ഇവിടെയും നാമൊരു നിമിത്തമായല്ലോ’ എന്ന് ഗുരു പറഞ്ഞുവെന്നും വിഷയത്തിലിടപെട്ട ടി കെ മാധവൻ, സ്വാതന്ത്ര്യ സമര നേതാക്കളെ ബന്ധപ്പെട്ട് ദേശീയ പ്രസ്ഥാനവുമായി കൂട്ടിക്കെട്ടി വൈക്കം സത്യഗ്രഹത്തിന് തുടക്കമിടുകയായിരുന്നു. ഇത്തരം കാര്യങ്ങളൊന്നും വിഎച്ച്പി മുഖ മാസികയുടെ ലേഖനത്തിലില്ല. അസത്യ പരമ്പരയെഴുതി പ്രസിദ്ധീകരണം സത്യത്തെ മൂടിവയ്ക്കാൻ ശ്രമിക്കുകയാണെന്ന് സച്ചിദാനന്ദ സ്വാമി പറഞ്ഞു.

സത്യഗ്രഹത്തിൽ ചട്ടമ്പിസ്വാമികൾക്ക് ഒരു പങ്കുമില്ലെന്നിരിക്കെ, അതുമായി ബന്ധപ്പെട്ട് ശ്രീ നാരായണ ഗുരുവിനെ തമസ്കരിക്കാനും ചട്ടമ്പിസ്വാമിയെ നവീകരണ സ്ഥാനത്തിന്റെ മുൻനിരയിലെത്തിക്കാനുള്ള സംഘ്പരിവാറിന്റെ വിലകെട്ട കളി ഇതിനകം ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ പേരിൽ ആണയിടുന്ന മറ്റുചിലർ സംഘ്പരിവാർ പ്രീണനം ലക്ഷ്യമാക്കി മൗനം അവലംബിക്കുന്നതും പൊതു സമൂഹത്തിൽ ചർച്ചയാണ്.

Eng­lish Sum­ma­ry: Siva­giri madam against VHP magazine
You may also like this video

Exit mobile version