പട്ടയത്തിനായുള്ള ആറരപ്പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം. കണ്ണൂര്‍ ജില്ലയിലെ മൊറാഴ വില്ലേജിൽ ധര്‍മ്മശാല പ്രദേശത്തെ 135 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സർക്കാർ തീരുമാനിച്ചു. പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഉയര്‍ത്തിയിരുന്ന ആവശ്യത്തിനാണ് റവന്യു വകുപ്പിന്റെയും മന്ത്രി കെ രാജന്റെയും ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് പരിഹാരമാകുന്നത്.
ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ 1958ല്‍ ധര്‍മ്മശാലയിലെയും സമീപത്തെയും നിവാസികളായ 28 കുടുംബങ്ങൾക്ക് 28 ഏക്കർ ഭൂമിയിൽ താല്‍ക്കാലിക പട്ടയം നൽകിയിരുന്നു. എന്നാൽ അതിനെ ഭൂമിയുടെ ആധികാരിക രേഖയായി കണക്കാക്കിയിരുന്നില്ല. വർഷങ്ങൾ പിന്നിട്ടപ്പോൾ ഭൂമി കൈമാറ്റത്തിലൂടെയും അനന്തരാവകാശ കൈമാറ്റത്തിലൂടെയും ഈ 28 ഏക്കർ ഭൂമി 135 കുടുംബങ്ങളുടെ കൈവശത്തിൽ വന്നു ചേർന്നു. ആ ഭൂമിക്ക് അവർ കരം അടച്ചിരുന്നെങ്കിലും ഭൂമിയുടെ ക്രയവിക്രയത്തിന് ആധികാരിക രേഖയായ പട്ടയം ലഭിച്ചിരുന്നില്ല.
1958ൽ താല്‍ക്കാലിക പട്ടയം നൽകിയ സമയത്ത് മൊറാഴ വില്ലേജ് ഉൾപ്പെട്ട ആന്തൂർ പ്രദേശം പഞ്ചായത്ത് ആയിരുന്നു. എന്നാൽ പിൽക്കാലത്ത് ആന്തൂർ നഗരസഭയായി മാറിയപ്പോൾ മുൻസിപ്പൽ ഭൂപതിവ് ചട്ടം ബാധകമായി. മുൻസിപ്പൽ ഭൂപതിവ് ചട്ടം അനുസരിച്ച് ഒരാൾക്ക് പതിച്ചു കൊടുക്കാൻ കഴിയുന്ന പരമാവധി ഭൂമി 10 സെന്റ് ആണെന്നതാണ് ഇവർക്ക് പട്ടയം അനുവദിച്ചു നൽകാൻ തടസമായി നിലനിന്നിരുന്നത്. ഈ 135 ആളുകളിൽ ഭൂരിഭാഗം ആളുകളും 10 സെന്റിൽ കൂടുതൽ ഭൂമി കൈവശം വെച്ച് പോന്നിരുന്നവരാണ്. ഈ പ്രശ്നത്തിനാണ് സർക്കാർ ഇപ്പോൾ പരിഹാരം കണ്ടിരിക്കുന്നത്.
1995ലെ ഭൂപതിവ് ചട്ടത്തിലെ ചട്ടം 21 പ്രകാരം ഒരു പ്രത്യേക കേസായി പരിഗണിക്കണമെന്നും പ്രദേശം മുൻസിപ്പാലിറ്റി ആവുന്നതിന് മുമ്പ് പഞ്ചായത്തായിരുന്ന സമയത്ത് പട്ടയം നൽകിയിരുന്നുവെങ്കിൽ ഇത്തരത്തിൽ നിയമപരമായ തടസം ഉണ്ടാകുമായിരുന്നില്ലെന്നും റവന്യു മന്ത്രി കെ രാജൻ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യങ്ങൾ പരിഗണിച്ച് താല്‍ക്കാലിക പട്ടയത്തിന്റെ അടിസ്ഥാനത്തിൽ 64 വർഷത്തിലധികമായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം നൽകണമെന്ന് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന്, മന്ത്രിസഭാ യോഗത്തിലേക്ക് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.
ഇന്നലെ നടന്ന മന്ത്രിസഭാ യോഗം ഈ വിഷയം പരിഗണിച്ച് തീരുമാനമെടുത്തതോടെയാണ് 135 കുടുംബങ്ങളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാല്‍ക്കരിച്ചത്.
English Summary: Six and a half decades of waiting is the result; 135 families in Morazha village have been given title deeds
You may also like this video