പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ തലോജയിലെ ജയിലിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിശാൽ ഗ്വാലി(35) എന്നയാളെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ ജയിൽ അധികൃതർ ഘാർഗർ പൊലീസിലും കല്യാണിലുള്ള ഇയാളുടെ കുടുംബത്തെയും വിവരം അറിയിക്കുകയായിരുന്നു. 2024 ഡിസംബറിലാണ് വിശാലിനേയും രണ്ടാം ഭാര്യ സാക്ഷിയേയും(25) പൊലീസ് അറസ്റ്റ് ചെയ്തത്. കല്യാണിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനായിരുന്നു അറസ്റ്റ്. പെൺകുട്ടിയുടെ മൃതദേഹം മറവ് ചെയ്യാനുള്ള ഒത്താശ ചെയ്ത് നൽകിയതിനാണ് സാക്ഷി അറസ്റ്റിലായത്.
മൂന്ന് ലൈംഗിക പീഡന കേസുകൾ അടക്കം ആറ് കേസുകളിലെ പ്രതിയാണ് വിശാല്‍. ഇതില്‍ രണ്ട് പീഡനക്കേസിലും ഇരകൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. മാനസിക വെല്ലുവിളി നേരിടുന്ന ആളെന്ന തെളിവ് നിരത്തിയായിരുന്നു ഇയാൾ കേസുകളിൽ നിന്ന് രക്ഷപ്പെട്ടുകൊണ്ടിരുന്നത്. ഭക്ഷണം വാങ്ങാനായി പുറത്ത് പോയ പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

