Site iconSite icon Janayugom Online

ഹിമാചൽ പ്രദേശിലെ ആറ് കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കി

HPHP

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്ത ഹിമാചൽ പ്രദേശിലെ ആറ് കോൺഗ്രസ് എംഎൽഎമാരെ നിയമസഭയിൽ നിന്ന് അയോഗ്യരാക്കിയതായി സ്പീക്കർ. രജീന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടൂ, രവി താക്കൂർ, ചേതന്യ ശർമ എന്നിവരെയാണ് അയോഗ്യരാക്കിയത്.

ബിജെപി ഭരിക്കുന്ന ഹരിയാനയിൽ കഴിഞ്ഞ ദിവസം രാത്രി തങ്ങിയ ശേഷം ഇന്നലെയാണ് ആറ് എംഎല്‍എമാരും നിയമസഭയിലെത്തിയത്. 

സഭയിൽ ധനകാര്യ ബില്ലിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ പാർട്ടി വിപ്പ് ലംഘിച്ചതിനാണ് ഇവരെ അയോഗ്യരാക്കിയതെന്ന് നിയമസഭാ സ്പീക്കർ കുൽദീപ് സിംഗ് പതാനിയ അറിയിച്ചു. 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന ബജറ്റ് പാസാക്കിയത്.

ആറ് എംഎൽഎമാരുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്നും സ്പീക്കർ പറഞ്ഞു. അയോഗ്യരാക്കപ്പെട്ട ആറ് എംഎൽഎമാരെ ഒഴിവാക്കിയാൽ, 62 അംഗ സഭയിൽ കോൺഗ്രസിന് ഇപ്പോൾ 34 എംഎൽഎമാരാണുള്ളത്. കോൺഗ്രസിനെ പിന്തുണച്ച മൂന്ന് സ്വതന്ത്ര എംഎൽഎമാരും രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു.

68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 40, ബിജെപി 25, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു ഇതുവരെയുള്ള കക്ഷിനില. കൂറുമാറ്റത്തോടെ ഇരുപക്ഷത്തും 34 പേര്‍ വീതമായി. ആറ് പേരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സര്‍ക്കാരിന് ആശ്വാസമാണ്. അതേസമയം, ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ 31 എംഎല്‍എമാരാണ് പങ്കെടുത്തത്. മൂന്ന് പേര്‍ വിട്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Six Con­gress MLAs dis­qual­i­fied from Himachal Pradesh

You may also like this video

Exit mobile version