Site icon Janayugom Online

മുംബൈയില്‍ തീപിടിത്തം: ആറ് മരണം

ബഹുനില പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ ആറ് മരണം. 23 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് തീപിടിത്തം. മുംബൈയിലെ ടര്‍ഡിയോ പ്രദേശത്തെ 20 നിലകളുള്ള കമല ബില്‍ഡിങ്ങിന്റെ 15-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇത് 19-ാം നില വരെ പടര്‍ന്നു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തെ ഗാന്ധി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

തീയും പുകയും കണ്ട ഉടൻ തന്നെ ഫ്ലാറ്റിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നു. അഗ്നിശമനസേനയുടെ 13 യൂണിറ്റുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂറുകൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. ലെവൽ മൂന്നിൽ വരുന്ന വലിയ തീപിടിത്തമാണ് ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലർക്ക് ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും മേയർ കിഷോരി പെഡ്‌നേക്കർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അവർ കൂട്ടിച്ചേർത്തു. ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷവും കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചു. 

ENGLISH SUMMARY: Six killed in Mum­bai fire
You may also like this video

Exit mobile version