തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഇന്ന് ക്ഷേത്രം സന്ദർശിക്കും. ക്ഷേത്രത്തിലുണ്ടായത് അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമായിരുന്നുവെന്നും സുരക്ഷാ പിഴവുകളുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അപകടത്തിന് പിന്നാലെ ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ടവരെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതായി അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മരിച്ചവരുടെ ബന്ധുക്കളെയും ആശുപത്രിയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിക്കും
തിരുപ്പതി ക്ഷേത്രത്തിൽ വൈകുണ്ഠ ദ്വാര ദർശനത്തിന് എത്തിയവരാണ് ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്. നാളെ ആണ് വൈകുണ്ഠ ഏകാദശി. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവമായത് കൊണ്ട് തന്നെ വൻ തീർഥാടകത്തിരക്ക് ഉണ്ടായിരുന്നു. ഇന്ന് രാവിലെ അഞ്ച് മണിക്കായിരുന്നു ടോക്കൺ വിതരണം ചെയ്യേണ്ടിയിരുന്നത്. ഇതിനായി ഇന്നലെ രാവിലെ മുതൽ ക്യു ആരംഭിച്ചു. ഒൻപത് കൗണ്ടറുകളാണ് ക്ഷേത്രത്തിൽ സജ്ജീകരിച്ചിരുന്നത്. പല ക്യൂകളിലും 5000തിൽ അധികം പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടൻ ഭക്തർ തിക്കി തിരക്കി അകത്തേക്ക് കയറുകയായിരുന്നു.
തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവരാണ് മരണപ്പെട്ടത്. തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസും ക്ഷേത്ര സമിതിയും പരാജയപ്പെട്ടെന്നാണ് ഭക്തരുടെ ആരോപണം. പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളിൽ എത്തിച്ചു. മരിച്ച ആറ് പേരിൽ അഞ്ച് പേരും സ്ത്രീകളാണ്. ലാവണ്യ സ്വാതി, ശാന്തി, മല്ലിക, രജനി, രാജേശ്വരി, നായിഡു ബാബു എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
Six people died in a stampede; Chandrababu Naidu will visit Tirupati temple