ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷനില്‍ നിന്ന് 2016 മുതല്‍ ആറ് പേരെ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്താന്‍ മദ്രാസ് ഹൈക്കോടതി തമിഴ്നാട് പൊലീസിന് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ എം എസ് രമേഷ്, സുന്ദര്‍ മോഹന്‍ എന്നിവരുടെ ബെഞ്ചിന് മുമ്പാകെ പൊലീസ് നേരിട്ട് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ആളുകളെ കാണാതായ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഈ മൊഴി കോടതി രേഖപ്പെടുത്തി. ഏപ്രില്‍ 18ന് നടക്കുന്ന അടുത്ത വിചാരണയില്‍ കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. സഹോദരനായ ഗണേശനെ വിട്ടുകിട്ടണമെന്നുകാണിച്ച് തിരുനെല്‍വേലി സ്വദേശി തിരുമലൈ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണക്കവെയാണ് കോടതി നിരീക്ഷണം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനമാണ് ഗണേശന്‍ ഇഷ ഫൗണ്ടേഷനിലെത്തുന്നത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം സഹോദരനെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ഇഷ ഫൗണ്ടേഷനില്‍ ബന്ധപ്പെടുകയായിരുന്നു. ആശ്രമത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഇയാളെ രണ്ടുദിവസമായി കാണാതായെന്നായിരുന്നു ഇഷ ഫൗണ്ടേഷന്റെ വിശദീകരണമെന്ന് തിരുമലെെ പറഞ്ഞു.
English Summary:Six people missing from Isha Foundation: Inquiry ordered
You may also like this video