Site iconSite icon Janayugom Online

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ആറ് പേർ അറസ്റ്റിൽ

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മാനസികവെല്ലുവിളി നേരിടുന്ന കോളേജ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ആറ് പേരെ കോയിപ്രം പൊലീസ് പിടികൂടി. ആകെ ഒന്‍പത് പ്രതികളാണുള്ളത്. രണ്ടാം വർഷ ഡിഗ്രി കോഴ്സിന് പഠിക്കുന്നതും 75 ശതമാനം മാനസിക വെല്ലുവിളി നേരിടുന്നതുമായ ഇരുപതുകാരിക്കാണ് പ്രതികളിൽ നിന്നും നിന്തരം ലൈംഗിപീഡനം നേരിടേണ്ടി വന്നത്. 2023 ജൂലൈ അവസാനം മുതൽ ലൈംഗിക പീഡനം നടന്നതായി പറയപ്പെടുന്നു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് പ്രതികൾ. ഒപ്പം പഠിക്കുന്ന പെൺകുട്ടികളുടെ ഫോണുകളിലേക്ക് യുവാക്കളുടെ വിളി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ചെറുകോൽ നെല്ലികുന്നിൽ വീട്ടിൽ പ്രശാന്ത് (30), എഴുമറ്റൂർ കൊച്ചുപ്ലാവുങ്കൽ ലിബിൻ(27), തിരുവല്ല ഐക്കാട് കാഞ്ഞിരം കാലായിൽ വീട്ടിൽ മുഹമ്മദ് യാസീൻ(23), എഴുമറ്റൂർ തോമ്പിൽ കഞ്ഞിത്തോട് വീട്ടിൽ ബി ടി ഹരികൃഷ്ണൻ (25), ചെങ്ങന്നൂർ പുത്തൻകാവ് തെക്കേടത്ത് പീടിക പറമ്പിൽ വീട്ടിൽ സിജു പി മാത്യു(29), തിരുവല്ല ചുമത്ര തെക്കേകുറ്റ് തോപ്പിൽ മലയിൽ സഹിൽ (21) എന്നിവരാണ് അറസ്റ്റിലായവർ. പിക്ക് അപ്പ്‌ ഡ്രൈവർ, ബസിലും ടിപ്പറിലും കിളി, ഇലക്ട്രിഷ്യൻ, റെസ്റ്റോറന്റ് ജീവനക്കാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് പ്രതികളായ യുവാക്കൾ. ഒരു കേസിൽ രണ്ടു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്, ഒരുകേസിലെ രണ്ടു പ്രതികളായ പ്രവീൺ, സന്ദീപ്, മറ്റൊരു കേസിലെ പ്രതി ആദി എന്നിവരാണ് പിടിയിലാവാനുള്ളത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം രണ്ടു ദിവസങ്ങളിലായി നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് ആറ് പ്രതികൾ കുടുങ്ങിയത്.

തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേൽനോട്ടത്തിൽ, കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ബാക്കി പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version