Site iconSite icon Janayugom Online

വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഒമ്പതു ദിവസമായി ദക്ഷിണേന്ത്യയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളില്‍ വൻ കഞ്ചാവുശേഖരവും മയക്കുമരുന്നും പിടികൂടി.
കേരളത്തിലും തമിഴ്‌നാട്ടിലുമായി നടത്തിയ മൂന്ന്‌ റെയ്‌ഡുകളിലായി 212.5 കിലോ കഞ്ചാവ്‌, 244 ഗ്രാം ആംഫിറ്റെമിൻ, 25 എൽഎസ്‌ഡി സ്‌റ്റാമ്പ്‌, രണ്ട്‌ ഗ്രാം മെത്തക്വലോൺ എന്നിവയാണ്‌ പിടിച്ചെടുത്തത്‌. രണ്ട്‌ മലയാളികളുൾപ്പെടെ ആറുപേരെ പിടികൂടി. രണ്ട്‌ വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തു.

ബംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള കൊറിയറിലെത്തിച്ച മയക്കുമരുന്നും എൽഎസ്‌ഡിയും എൻസിബി കൊച്ചി യൂണിറ്റാണ് കണ്ടെത്തിയത്. സമ്മാനപ്പെട്ടിക്കുള്ളിൽ ച്യൂയിങ്‌ഗം, ചോക്‌ലേറ്റ്‌ മിഠായി എന്നിവയ്‌ക്കൊപ്പമാണ്‌ മയക്കുമരുന്ന്‌ ഒളിപ്പിച്ചിരുന്നത്‌. കൊറിയർ മേൽവിലാസക്കാരനായ തിരുവനന്തപുരം സ്വദേശിയെ അറസ്‌റ്റ്‌ ചെയ്‌തു.

വെല്ലൂർ കൃഷ്‌ണഗിരി റോഡിൽ പള്ളിക്കോണ്ട ടോൾ പ്ലാസയിൽനിന്ന്‌ 212.5 കിലോ കഞ്ചാവും വാഹനവും എൻസിബി ചെന്നൈ യൂണിറ്റ് പിടിച്ചെടുത്തു. സംഭവത്തില്‍ ഈറോഡ്‌ സ്വദേശികളായ നാലുപേര്‍ അറസ്‌റ്റിലായതായി ചെന്നൈ സോണല്‍ ഡയറക്ടര്‍ അമിത് ഗവാതെ അറിയിച്ചു. കേരളത്തിലേക്ക്‌ അയക്കാൻ കൊറിയറിലെത്തിച്ച 40 ഗ്രാം മെത്ത ആംഫിറ്റെമിൻ എന്ന മയക്കുമരുന്ന്‌ എൻസിബി ബംഗളൂരു യൂണിറ്റ്‌ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിലായി.
eng­lish summary;Six per­sons, includ­ing two Malay­alees, have been arrest­ed in drug hunt
you may also like this video;

Exit mobile version