Site iconSite icon Janayugom Online

ആറ് വിമാനങ്ങള്‍; എത്തിയത് 1,396 പേര്‍ മാത്രം എണ്ണായിരത്തോളം പേര്‍ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന് ഇന്ത്യ

ഉക്രെയ്നില്‍ നിന്ന് എണ്ണായിരത്തോളം ഇന്ത്യക്കാര്‍ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന് വിദേശകാര്യമന്ത്രാലയം. യുദ്ധം തുടങ്ങുന്നതിന് മുമ്പും അതിനുശേഷവുമായി എണ്ണായിരത്തോളം പേര്‍ ഉക്രെയ്ന്‍ വിട്ടുവെന്നാണ് ഇന്ത്യ കണക്കാക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയുടെ വാദം. എന്നാല്‍, ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ആറ് വിമാനങ്ങളില്‍ 1,396 വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 18000 ത്തോളം ഇന്ത്യന്‍ പൗരന്‍മാര്‍ ഉക്രെയ്‍നിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

24 മണിക്കൂറിനുള്ളില്‍ ബുകാറെസ്റ്റില്‍ നിന്ന് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും, ബുഡാപെസ്റ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഉണ്ടാകുമെന്നും ബാഗ്ചി അറിയിച്ചു. ഉക്രെയ്നിലെ സ്ഥിതി സങ്കീര്‍ണമാകുന്നത് ആശങ്കയുളവാക്കുന്നതാണെങ്കിലും രക്ഷാദൗത്യം വേഗത്തിലാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്റെ ഭാഗമായി മുംബൈയില്‍ നിന്ന് പുറപ്പെട്ട ഏഴാമത്തെ വിമാനം ഇന്നലെ രാത്രിയോടെ റൊമേനിയയുടെ തലസ്ഥാനമായ ബുകാറെസ്റ്റില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 9.30ന് 182 പേരുമായി വിമാനം മുംബൈയില്‍ തിരിച്ചെത്തുമെന്നും അറിയിച്ചിട്ടുണ്ട്.

അതിനിടെ, ഉക്രെയ്നില്‍ കൊടുംതണുപ്പില്‍ ദിവസങ്ങളായി ബങ്കറുകളിലും ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളിലും കഴിയുന്ന വിദ്യാര്‍ത്ഥികളുടെ സഹായാഭ്യര്‍ത്ഥനകള്‍ തുടരുകയാണ്. അധികൃതര്‍ ആരും തങ്ങളെ രക്ഷിക്കാന്‍ എത്തിയിട്ടില്ലെന്നും പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോ സന്ദേശങ്ങള്‍ ദയനീയസ്ഥിതി വെളിപ്പെടുത്തുന്നു. പോളണ്ട് അതിര്‍ത്തിയിലുള്‍പ്പെടെ വലിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സാഹചര്യവും വിദ്യാര്‍ത്ഥികളുടെ ധൈര്യം ചോര്‍ത്തുന്ന സ്ഥിതിവിശേഷമുണ്ടാക്കുകയാണ്.

യുദ്ധസാഹചര്യത്തിൽ ഉക്രെയ്‍നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ അടിയന്തരമായി സഹായിക്കണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.

ഏറ്റുമുട്ടല്‍ തുടരുന്ന ഉക്രെയ്ന്‍ തലസ്ഥാന നഗരിയില്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യു പിന്‍വലിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ റയില്‍വേ സ്റ്റേഷനുകളിലേക്ക് എത്തി രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് യാത്ര ചെയ്യണമെന്നാണ് ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്. ജനങ്ങളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉക്രെയ്‌ന്‍ റയില്‍വേ സൗജന്യമായി പ്രത്യേക തീവണ്ടികള്‍ ഒരുക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. വിദ്യാര്‍ത്ഥികളോട് അയല്‍രാജ്യങ്ങളായ പോളണ്ട്, റൊമേനിയ, ഹംഗറി എന്നിവിടങ്ങളിലേക്ക് പോകാനാണ് ഉക്രെയ്നിലെ ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ഇന്ത്യയിലെ പോളണ്ട് സ്ഥാനപതി വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് യാതൊരു വിവേചനവും ഉണ്ടാകില്ലെന്ന് ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. റഷ്യന്‍ കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്ന തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ആവശ്യപ്പെട്ട അദ്ദേഹം, സംഘര്‍ഷം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ അവരവരുടെ കേന്ദ്രങ്ങളില്‍ തന്നെ കഴിയുന്നതാണ് സുരക്ഷയെന്നും ചൂണ്ടിക്കാട്ടി.

eng­lish sum­ma­ry; Six planes; Only 1,396 arrived

you may also like this video;

Exit mobile version