ചെറുതന പുത്തൻ തുരുത്തിൽ പേ വിഷബാധയേറ്റ തെരുവുനായ വിദ്യാർത്ഥിനി അടക്കം ആറു പേരെയും വളർത്തു മൃഗങ്ങളെയും കടിച്ചു. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. വീയപുരം പുന്നൂർ പറമ്പിൽ രിഫാഅത്ത്- നസീമ ദമ്പതികളുടെ മകൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ അൻസിറ (11), കാർത്തിക ഭവനിൽ റെജിമോൻ(49), ചെറുതന കാഞ്ഞിരംതുരത്ത് ദിനേശൻ (35), പാണ്ടി ചെങ്ങടത്ത്പോച്ചയിൽ വി ജി പ്രകാശ് (കുട്ടൻ), പാണ്ടി ആയിരുവേലിൽ സുരേഷ്, ചെറുതന ഗോകുൽ ഭവനിൽ ഗോകുൽ (25) എന്നിവർക്കാണ് കടിയേറ്റത്.
തിങ്കളാഴ്ച രാത്രിയിലും ഇന്ന് രാവിലെയും ആയിട്ടായിരുന്നു തെരുവനായ ആളുകളെ ആക്രമിച്ചത്. എല്ലാവരുടെയും കാലിൽ മുട്ടിനു താഴെയായിട്ടാണ് കടിച്ചത്. ചെറുതന പുത്തൻതുരുത്തേൽ മോഹനന്റെ ആടിനെയും വീയപുരം പുത്തൻതുരുത്തേൽ ഇബ്രാഹിംകുട്ടിയുടെ കറവപ്പശുവിനെയും കിടാവിനെയും കടിച്ചു. വീട്ടിൽ വളർത്തുന്ന മൃഗങ്ങളെയും മറ്റു തെരുവ് നായ്ക്കളെയും കടിച്ചതായി സംശയിക്കുന്നു. കടിയേറ്റവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ ആശുപത്രിയിലും ചികിത്സ തേടി. തോടിനു സമീപം ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ ജഡം തിരുവല്ല മഞ്ഞാടിയിലെ പക്ഷി രോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

