പാലക്കാട് ചിറ്റൂരിൽ ആറ് വയസ്സുകാരനെ തെരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. ഇരവങ്കാട് സ്വദേശി മുഹമ്മദ് അനസിന്റെയും സൗഹിദയുടെയും മകനായ സുഹാനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. രാവിലെ 11 മണിയോടെയാണ് കുട്ടി വീട്ടിൽനിന്ന് പുറത്തേക്ക് പോയത്. കുട്ടി വീട്ടുമുറ്റത്തേക്ക് ഒറ്റക്കിറങ്ങുന്നത് പതിവായിരുന്നതിനാൽ കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ വൈകിയാണ് അറിഞ്ഞത്. ചിറ്റൂർ പൊലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഊർജിതമായ തിരച്ചിൽ തുടരുകയാണ്.
തിരച്ചിലിന്റെ ഭാഗമായി സ്ഥലത്തെത്തിയ ഡോഗ് സ്ക്വാഡിലെ പോലീസ് നായ മണം പിടിച്ച് വീടിന് സമീപത്തെ ഒരു കുളത്തിന് അരികിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുളത്തിലും സമീപപ്രദേശങ്ങളിലും പൊലീസ് ഇപ്പോൾ വ്യാപകമായ പരിശോധന നടത്തുകയാണ്.
സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയാണ് സുഹാനെന്നും വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കൂട്ടുകാരുമായി പിണങ്ങിയാണ് കുട്ടി ഇറങ്ങിപ്പോയതെന്നുമാണ് പ്രാഥമിക വിവരം. കുട്ടി അധികം ദൂരേക്ക് പോകാൻ സാധ്യതയില്ലെന്നും വീടിന്റെ പരിസരപ്രദേശങ്ങളിൽത്തന്നെ കുട്ടി ഉണ്ടാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. വീടും സമീപപ്രദേശവും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

