Site iconSite icon Janayugom Online

ആറുവര്‍ഷത്തെ ജയില്‍വാസം; റോണ വില്‍സണും സുധീര്‍ ധാവ്‌ലെയ്ക്കും ഒടുവില്‍ മോചനം

ഭീമാ കൊറേഗാവ് കേസില്‍ മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റോണ വില്‍സണും മഹാരാഷ്ട്രയിലെ സാമൂഹിക പ്രവര്‍ത്തകൻ സുധീര്‍ ധാവ്‌ലെയും ജയില്‍ മോചിതരായി. ആറുവര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇരുവരും പുറത്തിറങ്ങുന്നത്. കേസിലെ വിചാരണ അടുത്തെങ്ങും പൂർത്തിയാകാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവര്‍ക്കും ഈമാസം എട്ടിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 2018 മുതല്‍ ജയില്‍വാസം അനുഭവിക്കുന്ന ഇവരെ ഇനിയും ജയിലില്‍ പാര്‍പ്പിക്കുന്നത് ഉചിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം ജാമ്യം ലഭിച്ചിട്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ രണ്ടാഴ്ച കൂടി ഇവര്‍ക്ക് തടവില്‍ കഴിയേണ്ടിവന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 ഓടെ ഇരുവരും മുംബൈ തലോജ ജയിലില്‍ നിന്നും പുറത്തിറങ്ങി. 

വര്‍ഷങ്ങളായുള്ള ജയില്‍വാസം തളര്‍ത്തിയിട്ടില്ലെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും റോണ വില്‍സണും ധാവ്‌ലെയും മാധ്യമങ്ങളോട് പറഞ്ഞു. പൗരാവകാശങ്ങളുടെ വിജയമാണ് ഇരുവരുടെയും ജയില്‍മോചനമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും പ്രതികരിച്ചു. 2017 ഡിസംബർ 31 പൂനെയിൽ സംഘടിപ്പിച്ച എൽഗാർ പരിഷത് സമ്മേളനത്തിൽ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് അടുത്ത ദിവസം ഭീമ കൊറേഗാവ് ജില്ലയിലുണ്ടായ സംഘർഷത്തിന് കാരണമെന്ന് ആരോപിച്ചാണ് മനുഷ്യാവകാശ- സന്നദ്ധ പ്രവര്‍ത്തകരായ 16 പേരെ അറസ്റ്റ് ചെയ്തത്. യുഎപിഎ അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് ഉള്‍പ്പെടെ പുതിയ ആരോപണങ്ങളും എന്‍ഐഎ ഇവര്‍ക്ക് മേല്‍ ചുമത്തിയിരുന്നു. 

ഡല്‍ഹി യുണിവേഴ്സിറ്റി പ്രൊഫസറായിരുന്ന ജി എന്‍ സായി ബാബ, ഫാ. സ്റ്റാന്‍ സ്വാമി, ഗൗതം നവ്‌ലാഖ, സുധാ ഭരദ്വാജ്, ആനന്ദ് തെല്‍തുംബ്ഡെ, വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, വരവരറാവു, ഷോമ സെന്‍ അടക്കമുള്ളവരെയാണ് എന്‍ഐഎ വ്യാജ തെളിവുകള്‍ നിരത്തി അറസ്റ്റ് ചെയ്തത്. കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ അറസ്റ്റിലായ വ്യക്തിയാണ് സുധീർ ധാവ്‌ലെ. ഫാ. സ്റ്റാന്‍ സ്വാമി ജയിലില്‍വച്ച് മരിച്ചു. ജി എന്‍ സായിബാബ ജയില്‍മോചിതനായി ആറുമാസത്തിനുശേഷം മരിച്ചു. ആദിവാസി അവകാശ പ്രവര്‍ത്തകനായ മഹേഷ് റൗത്ത് ഇപ്പോഴും ജയിലിലുണ്ട്. ജാമ്യത്തിനെതിരെ എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. 

Exit mobile version