Site iconSite icon Janayugom Online

സ്‌കോഡയുടെ പുതിയ കാറിന് പേരിട്ട് കാസര്‍കോട് സ്വദേശി

ചെക്ക് വാഹന ബ്രാന്‍ഡായ സ്‌കോഡ കമ്പനി പുറത്തിറക്കുന്ന പുത്തന്‍ എസ്‌യുവിക്ക് മലയാളി നിര്‍ദേശിച്ച പേര്. കാസര്‍കോട് നായന്മാര്‍മൂല സ്വദേശിയായ മുഹമ്മദ് സിയാദ് (23) സ്‌കോഡയുടെ പേരിടല്‍ മത്സരത്തില്‍ ജേതാവായത്. സിയാദ് നിര്‍ദേശിച്ച കൈലാഖ് എന്ന പേരാണ് കമ്പനി തെരഞ്ഞെടുത്തത്. രണ്ടു ലക്ഷത്തില്‍ അധികം ആളുകള്‍ നിര്‍ദേശിച്ച പേരുകളില്‍ നിന്നാണ് കമ്പനി ഈ പേര് തെരഞ്ഞെടുത്തത്. ഇതോടെ കൈലാഖിന്റെ ആദ്യത്തെ കാര്‍ സിയാദിന് സമ്മാനമായി ലഭിക്കും.  കാസര്‍ഗോട്ടെ നജാത്ത് ഖുര്‍ആര്‍ അക്കാദമിയിലെ അധ്യാപകനായ സിയാദ് സ്‌കോഡയുടെ വെബ്‌സൈറ്റ് വഴിയാണ് സിയാദ് മത്സരത്തില്‍ പങ്കെടുത്തത്.

 

 

കെ എന്ന അക്ഷരത്തില്‍ തുടങ്ങി ക്യു എന്ന അക്ഷരത്തില്‍ അവസാനിക്കണം പേര് എന്നതായിരുന്നു മത്സരത്തിന്റെ നിയമം. കുഷാക്ക്, കൊഡിയാക് തുടങ്ങിയ സ്‌കോഡയുടെ മുന്‍ എസ്‌യുവികളുടെ പേരിടലിനും ഇതേ രീതിയാണ് അവലംബിച്ചത്. ക്രിസ്റ്റല്‍ എന്ന അര്‍ത്ഥം വരുന്ന കൈലാഖ് എന്ന സംസ്‌കൃതപദമാണ് സിയാദ് തെരഞ്ഞെടുത്തത്. കൈലാഖ് കൂടാതെ ക്വിക്ക്, കോസ്മിക്, ക്ലിക്, കയാക്ക് എന്നീ അവസാന റൗണ്ടില്‍ പരിഗണിച്ചിരുന്നു. ഒന്നാംസ്ഥാനക്കാരന് കാര്‍ ലഭിക്കുന്നതിനൊപ്പം 10 പേര്‍ക്ക് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ സ്ഥിതിചെയ്യുന്ന സ്‌കോഡ പ്ലാന്റ് സന്ദര്‍ശിക്കാനും കമ്പനി അവസരം നല്‍കുന്നുണ്ട്. കോട്ടയം സ്വദേശി രാജേഷ് സുധാകരനും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യ 2.0 പ്രോഗ്രാമിന് കീഴിലുള്ള സ്‌കോഡയുടെ മൂന്നാമത്തെ കാറാണ് കൈലാഖ്. 2025 ഫെബ്രുവരിയോടെ കൈലാഖ് ഷോറൂമുകളില്‍ എത്തുമെന്ന് സ്‌കോഡ കഴിഞ്ഞദിവസം അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഉല്പാദനം തുടങ്ങിയേക്കും. 2025 ജനുവരി രണ്ടാം വാരത്തില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ സ്‌കോഡ കൈലാഖിന്റെ വില പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version