Site iconSite icon Janayugom Online

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ അപവാദ പ്രചരണം : പരാതിയുമായി ഷൈന്‍ടീച്ചര്‍

ചില മാധ്യമങ്ങളിലു, സമൂഹമാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന അപവാദ പ്രചരണത്തില്‍ പ്രതികരിച്ച് സിപിഐ(എം) വനിതാ നേതാവും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ ജെ ഷൈന്‍ ടീച്ചര്‍. സ്വന്തം നഗ്നത മറച്ചുപിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണമെന്ന് അവര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു 

പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസം ഉണ്ട്. ഒരു കാരണവശാലും പൊതു പ്രവര്‍ത്തനരംഗത്ത് നില്‍ക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും നേരിട്ടവരാണ് നമുക്ക് മുമ്പേ സഞ്ചരിച്ചവര്‍. ഈ സാഹചര്യവും നാമൊരുമിച്ച് നേരിടും, മുന്നേറുമെന്നും ഷൈന്‍ ടീച്ചര്‍ പറഞ്ഞു.

ആന്തരിക ജീര്‍ണതകള്‍ മൂലം കേരള സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായി എന്റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന വനിതാ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു

Exit mobile version