Site iconSite icon Janayugom Online

മോഡിക്കെതിരെ മുദ്രാവാക്യം; ദളിത് വിദ്യാര്‍ത്ഥികളെ പുറത്താക്കി

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും സവര്‍ക്കര്‍ക്കുമെതിരായി മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് വാര്‍ധയിലെ മഹാത്മാ ഗാന്ധി അന്തർദേശീയ ഹിന്ദി സർവകലാശാലയിലെ പത്ത് ദളിത് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ജെഎന്‍യു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് സംഭവം.

തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപി പരാജയപ്പെടുകയും ഇടതുപക്ഷ സഖ്യം വിജയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷത്തിനിടെ സോറി സോറി സവര്‍ക്കര്‍, റണ്‍ റണ്‍ നരേന്ദ്ര എന്നും മുദ്രാവാക്യം വിളിച്ചതായാണ് റിപ്പോര്‍ട്ട്. മഹാന്മാരായ വ്യക്തികളെ അപമാനിച്ചുവെന്ന് അവകാശപ്പെട്ടാണ് സര്‍വകലാശാല വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഈങ്ക്വിലാബ് സിന്ദാബാദ്, ഭഗത് സിങ് സിന്ദാബാദ്, ജയ് ഭീം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മാത്രമാണ് വിളിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ജയ് ശ്രീം റാം എന്ന മുദ്രാവാക്യം മാത്രമേ കാമ്പസില്‍ ഉയര്‍ന്ന് കേള്‍ക്കാന്‍ പാടുള്ളു എന്ന മനോഭാവമാണ് സര്‍വകലാശാല അധികൃതര്‍ക്ക് ഉള്ളതെന്നും വ്യത്യസ്തമായ രാഷ്ട്രീയം പറയുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നുമാണ് വിദ്യാര്‍ത്ഥി നേതാക്കള്‍ പറയുന്നത്. സംഭവത്തെത്തുടർന്ന് എബിവിപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാം‌നഗഗർ പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

Exit mobile version