Site iconSite icon Janayugom Online

പ്രവാചകനെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യം ; ഉറൂസ് ഘോഷയാത്രക്ക് നേരെ കല്ലേറ്

കര്‍ണാടകയിലെ ബെളഗാവി ജില്ലയില്‍ നടന്ന ഉറൂസ് ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്. ഖഡക് ഗല്ലിയിലെ മെഹബൂബ് സുബ്ഹാനി ദര്‍ഗയിലെ ഉറൂസിനിടെയാണ് സംഭവം.പ്രവാചകന്‍ മുഹമ്മദിനെ പ്രകീര്‍ത്തിച്ചുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയതില്‍ പ്രകോപിതരായവരാണ് കല്ലേറ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കല്ലേറ് പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്കും വഴിതെളിച്ചു. 

ഐ ലവ് മുഹമ്മദ്മുദ്രാവാക്യം മുഴക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. കല്ലേറ് നടത്തിയ പതിനൊന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുമതി നല്‍കാത്ത വഴിയിലൂടെയാണ് ഘോഷയാത്ര നടത്തിയതെന്നും ഇതും പ്രകോപനത്തിന് കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്.തുടര്‍ന്ന് പൊലീസ് അനുമതിയില്ലാത്ത വഴിയിലൂടെ ഘോഷയാത്ര നടത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തു. 

ഖദേബസാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്. വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കാലങ്ങളായി കൂട്ട്, ജല്‍ഗാര്‍ ഗല്ലി വഴി ദര്‍ഗയിലേക്കാണ് ഉറൂസ് ഘോഷയാത്ര കടന്നുപോകാറുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണത്തെ യാത്ര ഖഡക് ഗല്ലി വഴി തിരിച്ചുവിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.ഉറൂസിന്റെ യാത്രാവഴി മാറ്റിയത് ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. 

ഇവര്‍ പ്രവാചകനെ പ്രകീര്‍ത്തിക്കുന്ന മുദ്രാവാക്യം മുഴക്കിയതിനെയും ചോദ്യം ചെയ്തു. ഇതോടെ പ്രദേശം സംഘര്‍ഷത്തിന് വഴിമാറുകയായിരുന്നു. തര്‍ക്കങ്ങള്‍ക്കിടെ കല്ലേറുണ്ടായത് സ്ഥിതി വഷളാക്കി.പിന്നീട് പൊലീസ് ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും പ്രദേശത്തെ സുരക്ഷയ്ക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.

Exit mobile version