Site iconSite icon Janayugom Online

ജീവിതമേഖലകളെ ബന്ധപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍

2022 ഫെബ്രുവരി 23, 24 തീയതികളിൽ രണ്ട് ദിവസത്തെ പണിമുടക്കാണ് കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ — ക്യാമ്പയിനുകൾ ഇതിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. വിവിധ മേഖലകളെ ബന്ധപ്പെടുത്തിയാണ് ദേശീയ പണിമുടക്കിന്റെ മുദ്രാവാക്യങ്ങള്‍. ലേബർ കോഡുകൾ റദ്ദ്ചെയ്യുക. വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, ദേശീയ ധനസമ്പാദന പദ്ധതി (എൻഎംപി) റദ്ദാക്കുക, ആദായനികുതിദായകരല്ലാത്ത കുടുംബങ്ങൾക്ക് പ്രതിമാസം 7,500 രൂപയുടെ വരുമാന സഹായവവും സൗജന്യ റേഷനും അനുവദിക്കുക എന്നിവയ്ക്കൊപ്പം തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം വർധിപ്പിക്കുകയും വേണം. പദ്ധതി നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാർവത്രിക സാമൂഹിക പരിരക്ഷ ഉറപ്പാക്കുക, അങ്കണവാടി, ആശ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയവയിലെ സ്ത്രീത്തൊഴിലാളികൾക്ക് മിനിമം വേതനവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുക, പർച്ചവ്യാധിക്കിടയിലും ജനങ്ങളെ സേവിക്കുന്ന മുൻനിര ആരോഗ്യപ്രവർത്തകർക്ക് ഇൻഷുറൻസും സുരക്ഷയും ഏർപ്പെടുത്തുക എന്നിവയും മുദ്രാവാക്യങ്ങളിലുണ്ട്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ പുനരുദ്ധാരണത്തിന് സമ്പന്നരുടെ മേൽ നികുതിയും മറ്റും ചുമത്തി അധിക വിഭവസമാഹരണം നടത്തുകയും ആ തുക കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന സേവന മേഖലയിൽ നിക്ഷേപിക്കുകയും ചെയ്യണം. പെട്രോളിയം, ഉല്പന്നങ്ങളിലെ എക്സൈസ് തീരുവ കുറച്ച് വിലക്കയറ്റം തടയാനുള്ള നടപടികൾ സ്വീകരിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യജോലിക്ക് തുല്യവേതനം നൽകുക, ദേശീയ പെൻഷൻ പദ്ധതി റദ്ദാക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ പ്രസക്തമാണ്. കേന്ദ്രത്തിന്റെ ആസ്തി വില്പനയും പദ്ധതികളും ജനഹിതമല്ല. ദേശീയ ധനസമ്പാദന പൈപ്പ് ലൈൻ പദ്ധതി(മോണിറ്ററൈസേഷൻ പൈപ്പ് ലൈൻ എൻഎംപി)യുടെ ഉദ്ദേശ്യങ്ങൾ വളരെ വ്യക്തമായി കഴിഞ്ഞു. ഓഗസ്റ്റ് 23 കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ച പദ്ധതിയിലൂടെ നാല് വർഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഏതൊക്കെ മേഖലകളിലാണ് ആസ്തി വില്പനയെന്ന് വിശദമായി തന്നെ കേന്ദ്രമന്ത്രി വിശദമാക്കിയിട്ടുണ്ട്. 12 മന്ത്രാലയങ്ങളുടെ കീഴിൽ 20 ഇനം ആസ്തി വിറ്റഴിക്കുക. റോഡുകൾ, റെയിൽവേ, വൈദ്യുതി വിതരണ ശൃംഖല, വൈദ്യുതി നിലയങ്ങൾ, പ്രകൃതി വാതക പൈപ്പ് ലൈൻ, ടെലികോം, സംഭരണ ശാലകൾ, ഖനികൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സ്റ്റേഡിയങ്ങൾ, നഗരപാർപ്പിട മേഖല, പാർപ്പിട സമുച്ചയങ്ങൾ, അന്താരാഷ്ട്ര നിലവാരമുള്ള ഹോട്ടലുകൾ തുടങ്ങി കടലും കരയും ആകാശവുമെല്ലാം വില്പനയുടെ പട്ടികകളിൽ ഉണ്ട്. ധൃതഗതിയിലാണ് ഇതിനുള്ള നടപടികൾ കേന്ദ്രസർക്കാർ ഈ രണ്ടുമാസംകൊണ്ട് സ്വീകരിച്ചത്. ഇതിൽ ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണ നടപടികൾ അവസാന ഘട്ടത്തിലാണ്. കൊച്ചിൻ റിഫൈനറി വിറ്റഴിക്കുന്ന നടപടി സർക്കാരിന്റെ പ്രസ്റ്റീജ് പദ്ധതിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഏഴ് വർഷമായി നരേന്ദ്രമോഡി സർക്കാർ കൃത്യമായ അജണ്ടയോടെ ഇതിന്റെയെല്ലാം പ്ലാനിങ്ങും ഡിസൈനിങ്ങുമെല്ലാം നടപ്പിലാക്കി വരുന്നു. 2019 ഡിസംബറിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് സമാഹരിക്കുവാൻ നാഷണൽ ഇൻഫ്രാസ്ട്രക്ച്ചറൽ പൈപ്പ് ലൈൻ പദ്ധതി പ്രഖ്യാപിച്ചു. തുടർന്ന് ആറ് വിമാനത്താവളങ്ങൾ വിറ്റഴിച്ചു. കഴിഞ്ഞ ഒക്ടോബർ 14 മുതൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഡാനിയുടെ കോർപറേറ്റ് കമ്പനി സ്വന്തമാക്കി. ഈയാഴ്ച കേന്ദ്രസർക്കാരിന്റെ മറ്റൊരു തീരുമാനം കൂടി പുറത്തുവന്നു. കോഴിക്കോട് വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ ഏറ്റവും പ്രമുഖ 25 വിമാനത്താവളങ്ങൾ സ്വകാര്യവല്‍ക്കരിക്കാൻ നടപടികളുമായി കേന്ദ്രസർക്കാര്‍ മുന്നോട്ടുപോകുന്നു. അടുത്ത മൂന്ന് വർഷംകൊണ്ട് വിറ്റഴിക്കൽ പൂർത്തിയാക്കണം. 2019–2020 സാമ്പത്തിക വർഷത്തിൽ നാല് ലക്ഷത്തിലേറെ പേർ യാത്രചെയ്ത എയർപോർട്ടുകളാണ് കേന്ദ്രസർക്കാർ പരിഗണിച്ചത്. ഇതിന്റെ ഒപ്പം കൂട്ടിചേർത്തു പരിശോധിക്കേണ്ടതാണ് എയർ ഇന്ത്യാ വില്പന. മൂലധന ശക്തികളുടെ ആജ്ഞാനുവർത്തികളായി-പാവ സർക്കാരായി ഇന്ത്യൻ ഭരണാധികാരികൾ മാറുന്ന കാഴ്ച ഇവിടെ പ്രകടമാണ്. 2000 മെയ് മാസത്തിൽ ബിജെപിയുടെ വാജ്പേയി സർക്കാരാണ് എയർ ഇന്ത്യാ ഓഹരികൾ വിറ്റഴിക്കാൻ ആദ്യം തീരുമാനം എടുത്തത്. എന്നാൽ ശക്തമായ എതിർപ്പിനെ തുടർന്ന് നടപ്പിലായില്ല. നരേന്ദ്രമോഡി നിലപാട് വ്യക്തമാക്കി ഒന്നുകിൽ സ്വകാര്യവല്‍ക്കരിക്കുക; അല്ലെങ്കിൽ എയർ ഇന്ത്യ അടച്ചുപൂട്ടുക. 2000ൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന തുടർച്ചയായി ലാഭം ഉണ്ടാക്കിയിരുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ എയർലൈൻസ് കമ്പനിയാണ് രാജ്യത്തിന്റെ മഹത്തായ ഈ പൊതുമേഖലാ സ്ഥാപനം. 2015ൽ 105 കോടി ലാഭം ഉണ്ടാക്കി. 300 കോടി ലാഭം കൈവരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് തികച്ചും ദുരൂഹമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് എയർ ഇന്ത്യയെ നഷ്ടത്തിലേക്ക് ചവിട്ടിമാറ്റിയത്.


ഇതുകൂടി വായിക്കാം; കർഷക സമരവിജയത്തിന്റെ ആത്മവിശ്വാസത്തോടെ തൊഴിലാളികളുടെ ദേശീയ പ്രക്ഷോഭം


2019ലെ കണക്ക് പ്രകാരം എയർ ഇന്ത്യയുടെ ആസ്തി 52352.18 കോടി രൂപ. 141 വിമാനങ്ങൾ സ്വന്തം. ഇന്ത്യയിലും വിദേശത്തുമുള്ള വിമാനത്താവളങ്ങളിലെ 1800 അന്താരാഷ്ട്ര സ്ലോട്ടുകളും 4400 ആഭ്യന്തര സ്ലോട്ടുകളും സ്വന്തം. 8084 സ്ഥിരം ജീവനക്കാരും 4000 കരാർ ജീവനക്കാരുമുള്ള സ്ഥാപനം. ടാറ്റയും കേന്ദ്രസർക്കാരും എയർ ഇന്ത്യയുടെ കടബാധ്യതയിൽ ഉണ്ടാക്കിയ ധാരണ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയുടെ പിന്നാമ്പുറക്കഥകളാണ്. കേവലം 2700 കോടി രൂപയ്ക്കാണ് ലക്ഷം കോടികളുടെ ആസ്തിയും വിലപിടിപ്പും ഗുഡ്‌വില്ലുമുള്ള രാജ്യത്തെ പ്രശസ്തമായ പൊതുമേഖലാ വിമാനകമ്പനി ടാറ്റ കൈക്കലാക്കിയത്. നടപ്പു പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബാങ്ക് സ്വകാര്യവല്‍ക്കരണ ബിൽ വളരെ അപകടകരമായ വസ്തുതകളിലേക്ക് വിരൽ ചൂണ്ടുന്നു. 1970, 1980 കളിലാണ് രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കുകൾ ദേശസാൽക്കരിക്കുന്നത്. ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിക്കുന്ന ബിൽ പാസായാൽ ഏത് പൊതുമേഖലാ ബാങ്കിനെയും സ്വകാര്യവല്‍ക്കരിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാകും. ബാങ്ക് ദേശസാൽക്കരണ നിയമത്തിന്റെ മരണമണിയാണ് മുഴങ്ങുന്നത്. ഇത്ര ധൃതിപിടിച്ച് കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നത് വ്യക്തമായ ഉദ്ദേശ്യത്തോടുകൂടി തന്നെയാണ്. കാർഷിക മേഖലയുടെ വികസനത്തിനെന്ന പേരിൽ രാജ്യത്തെ ഏറ്റവും സമ്പന്നമായ പൊതുമേഖലാ ബാങ്കായ എസ്ബിഐ കോർപറേറ്റ് കമ്പനിയായ അഡാനിയുടെ ഉടമസ്ഥതയിലുള്ള അഡാനി ക്യാപിറ്റലിന് കൈമാറണം. 22,200 ബ്രാഞ്ചുകളും 46 കോടി, ഇടപാടുകാരും രണ്ടര ലക്ഷം ജീവനക്കാരും 48 ലക്ഷം കോടി ആസ്തികളുമുള്ള പ്രധാനമന്ത്രിയുടെ ഇഷ്ടതോഴനായ അഡാനിക്ക് ചുളുവിൽ കൈക്കലാക്കണം. 63 ശാഖകൾ മാത്രമുള്ള ചെറിയൊരു സ്ഥാപനമാണ് അഡാനി ക്യാപിറ്റൽ. സ്വകാര്യ ബാങ്കുകളിൽ 74ശതമാനം വിദേശ ഓഹരി പങ്കാളിത്തം ഉറപ്പുവരുത്തിയതും ഇതേ ഉദ്ദേശ്യത്തോടെ തന്നെയാണ്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് (മുൻപത്തെ കാത്തലിക് സിറിയൻ ബാങ്ക്) വിദേശ ബാങ്ക് കൈവശപ്പെടുത്തിയ മിടുക്ക് നമ്മുടെ മുന്നിൽ അപകടത്തിന്റെ സൂചനകളാണ് നൽകിയിട്ടുള്ളത്. ബാങ്ക് ലയനങ്ങളുടെ അപകടങ്ങൾ തിരിച്ചറിയാൻ വൈകിയെങ്കിലും ഇന്ന് ചതിക്കുഴികൾ എളുപ്പം തിരിച്ചറിയാൻ കഴിയുന്നുണ്ട്. സംസ്ഥാനങ്ങളുടെ പ്രാദേശിക വികസനത്തിനായി രൂപീകൃതമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എസ്ബിഐ അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ ബലമായി പിടിച്ചടക്കിയ മെഗാലയനം അപകടത്തിന്റെ ചതിക്കുഴികളായിരുന്നു. ബാങ്ക് ലയനങ്ങളിലൂടെ 28 പൊതുമേഖലാ ബാങ്കുകൾ 12 ആയി കുറഞ്ഞു. ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥയെ സമ്പൂർണമായി ചങ്ങാത്ത മുതലാളിത്തത്തിനു വിധേയമാക്കി. കോർപറേറ്റുകൾക്ക് രാജ്യത്തിന്റെ ബാങ്കിങ് ധനകാര്യമേഖല കയ്യടക്കാനുള്ള എല്ലാ അവസരങ്ങളും ഉണ്ടാക്കുകയാണ്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന മുകേഷ് അംബാനിയുടെ ജിയോ പേമെന്റ് ബാങ്കിൽ എസ്ബിഐ 30 ശതമാനം ഓഹരി എടുത്തിട്ടുള്ളത് ഇതിന്റെ ഭാഗമാണ്. ദീർഘനാൾ എസ്ബിഐയുടെ മാനേജിങ് ഡയറക്ടറായിരുന്ന അരുന്ധതി ഭട്ടാചാര്യ വിരമിച്ചപ്പോൾ റിലയൻസ് കമ്പനിയുടെ ഫുൾ ടൈം ഡയറക്ടറായി. ബാങ്ക് സ്വകാര്യവൽക്കരണ ബിൽ കൂടി പാസായാൽ കോർപറേറ്റ് ഭരണാധികാര കൂട്ടുകെട്ട് സമ്പൂർണമാകും. ഇതിനെതിരെ ബാങ്ക് യൂണിയനുകളുടെ ഐക്യവേദി ഡിസംബർ 16, 17 തീയതികളിൽ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് വളരയേറെ പ്രാധാന്യമുണ്ട്. പൊതുമേഖലയെയും സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ്. നമുക്ക് മുന്നിൽ വെല്ലുവിളികൾ ഏറെയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ആ വെല്ലുവിളികളെ നാം അതിജീവിക്കുക തന്നെ ചെയ്യും ‘ജനങ്ങളെ രക്ഷിക്കൂ; ജന്മനാടിനെ രക്ഷിക്കൂ’ എന്നതായിരിക്കട്ടെ പോരാട്ടത്തിന്റെ ഈ യുദ്ധമുഖത്ത് തൊഴിലാളി — കർഷക — ബഹുജന ഐക്യ പ്രസ്ഥാനം മുഴക്കുന്ന രണഭേരി. ഫെബ്രുവരി 23, 24 തീയതികളിലെ പണിമുടക്ക് രാജ്യം സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ തൊഴിലാളി — കർഷക — ബഹുജന പിന്തുണയുള്ള പ്രക്ഷോഭമായി ചരിത്രത്തിൽ അടയാളപ്പെടുത്തും.

(അവസാനിച്ചു)

Exit mobile version