കേന്ദ്ര ജലശക്തി മാന്ത്രാലയത്തിനു കീഴിൽ 2023–24 അടിസ്ഥാന വർഷമാക്കി ജലസേചന വകുപ്പ് മുഖേന നടപ്പാക്കുന്ന ഏഴാമത് ചെറുകിട ജലസേചന സെൻസസിനും വാട്ടർബോഡി സെൻസസിനും ജില്ലയിൽ തുടക്കമാകുന്നു. ഇതുമായി ബന്ധപ്പെട്ട പ്രഥമ അവലോകനയോഗം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു. ഏഴാമത് ചെറുകിട ജലസേചന സെൻസസ്, രണ്ടാമത് വാട്ടർബോഡി സെൻസസ്, ഒന്നാമത് ഇടത്തര- വൻകിട ജലസേചന സെൻസസ്, ഒന്നാമത് ഉറവ സെൻസസ് എന്നിവയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ സെൻസസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടർ ചെയർമാനായും മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കൺവീനറമായുമുള്ള ജില്ലാതല അവലോകന സമിതി (ഡിഎൽആർസി) രൂപീകരിച്ചിട്ടുണ്ട്.
വിവര ശേഖരണത്തിനായി എല്ലാ പഞ്ചായത്തുകളിലും എന്യൂമറെറ്റർമാരെയും ബ്ലോക്ക് തലത്തിൽ സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ അവർക്കുള്ള പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. വിവര ശേഖരണത്തിനായി ബന്ധപെട്ട വകുപ്പുകൾ ആവശ്യമായ മുഴുവൻ സഹായവും എന്യൂമറെറ്റർമാർക്ക് ലഭ്യമാക്കണമെന്ന് കളക്ടർ യോഗത്തിൽ പറഞ്ഞു. സെൻസസ് പ്രവർത്തനങ്ങൾ ഏപിൽ മാസത്തിൽ ആരംഭിച്ച് ഓഗസ്റ്റ് മാസത്തോടെ പൂർത്തീകരിക്കും. യോഗത്തിൽ മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി മോഹൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.