Site iconSite icon Janayugom Online

സ്മാർട്ട് കൂളിമാട്; വയോജന പാർക്കിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു

ചാലിയാറിന്റെയും ഇരുവഴിഞ്ഞിയുടെയും സംഗമ കേന്ദ്രമായ കൂളിമാട് കോഴിക്കോടിന്റെ ടൂറിസം ഭൂപടത്തിലേക്ക് നടന്നു കയറുന്നു. കൂളിമാട് പാലം പരിസരത്ത് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന വയോജന പാർക്കാണ് ഏറെ ടൂറിസം സാധ്യത കണക്കാക്കുന്നത്. 

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കൂളിമാട് പാലത്തിൽ നിന്നുള്ള സായാഹ്ന കാഴ്ചകൾക്കായി നൂറ് കണക്കിന് സഞ്ചാരികളാണ് നിത്യേന ഇവിടെയെത്തുന്നത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കളൻതോട് കൂളിമാട് റോഡിന്റെയും, മണാശ്ശേരി കൂളിമാട് റോഡിന്റെയും, മാവൂർ എരഞ്ഞിമാവ് റോഡിന്റെയും, എടവണ്ണപ്പാറ കൂളിമാട് റോഡിന്റെയും സംഗമ കേന്ദ്രമായ കൂളിമാട് അങ്ങാടിയുടെ നവീകരണവും പാലം പരിസരത്ത് നടത്തുന്ന സംവിധാനങ്ങളും പൂർത്തിയാകുന്നതോടെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി കൂളിമാട് മാറും.

ചാലിയാറിന് അഭിമുഖമായി ഇരിപ്പിടങ്ങൾ, സംരക്ഷണ ഭിത്തി, ഹാന്റ് റെയിൽ, ഓപ്പൺ സ്റ്റേജ്, ഗാലറി, സിസിടിവി, ലൈറ്റിംഗ്, ഇലക്ട്രിഫിക്കേഷൻ എന്നിവയാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന വയോജന പാർക്കിൽ ഒരുക്കുക. കൂളിമാട് നടന്ന ചടങ്ങിൽ അഡ്വ. പി ടി എ റഹീം എംഎൽഎ വയോജന പാർക്കിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത് അംഗം കെ എ റഫീഖ്, കെ സി ഇസ്മാലുട്ടി, ഇമ്പിച്ചിബീവി ടീച്ചർ, ഇ കുഞ്ഞോയി, ഗഫൂർ മാസ്റ്റർ, ഇ കെ നസീർ, ഇ മുജീബ്, പി പ്രസാദ്, ടി വി ബഷീർ തുടങ്ങിയവർ സംസാരിച്ചു. 

Exit mobile version