Site iconSite icon Janayugom Online

സ്മാര്‍ട്ഫോണ്‍ അമിത ഉപയോഗം; കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നതായി പഠനം

അമിതമായ സ്മാര്‍ട്ഫോണ്‍ ഉപയോഗം രാജ്യത്തെ കുടുംബബന്ധങ്ങളെ ഉലയ്ക്കുന്നതായി പഠനം. ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയും സൈബര്‍ മീഡിയ റിസര്‍ച്ചു (സിഎംആര്‍)മായി ചേര്‍ന്നാണ് പഠനം നടത്തിയത്. സ്മാര്‍ട്ഫോണ്‍ ഉപയോഗം മൂലം കുടുംബബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുന്നതായാണ് സര്‍വെയില്‍ പങ്കെടുത്ത 88 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെട്ടത്. 

അകലയുള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നതിനൊപ്പം അടുത്തുള്ളവരുമായി അകല്‍ച്ചയുണ്ടാകുന്നതിനും സ്മാര്‍ട്ഫോണിന്റെ ഉപയോഗം കാരണമാകുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ്, പൂനെ നഗരങ്ങളിലായി രണ്ടായിരത്തോളം പേരിലാണ് സര്‍വെ നടത്തിയത്. പങ്കാളിയോടൊപ്പമുള്ള സമയങ്ങളില്‍ സ്മാര്‍ട്ഫോണിന്റെ ഉപയോഗം അലോസരമുണ്ടാക്കുന്നതായി സര്‍വെയില്‍ പങ്കെടുത്തതായി 67 ശതമാനം ദമ്പതികളും പറയുന്നു. ഫോണിന്റെ ഉപയോഗത്തെ തുടര്‍ന്ന് കുടുംബബന്ധം ദുര്‍ബലപ്പെട്ടതായി 66 ശതമാനം ദമ്പതികളും പറഞ്ഞു. 

സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്നതിനെ പങ്കാളി തടസപ്പെടുത്തിയാല്‍ പ്രകോപിതരാകുമെന്ന് 70 ശതമാനം പേരും സമ്മതിക്കുന്നുണ്ട്. 69 ശതമാനം പേര്‍ക്ക് ഇത്തരം തടസപ്പെടുത്തലുകള്‍ ഇഷ്ടപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്മാര്‍ട്ഫോണിന്റെ ഉപയോഗം കുറച്ച് കുടുംബാംഗങ്ങളുമായി കൂടുതല്‍ സമയം ചെലവിടാന്‍ ഇവര്‍ ആഗ്രഹിക്കുന്നതായും സര്‍വെയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 

Eng­lish Summary:Smartphone overuse; Study breaks down fam­i­ly ties
You may also like this video

Exit mobile version