Site iconSite icon Janayugom Online

വന്ദേ ഭാരത് എക്‌സ്പ്രസില്‍ നിന്ന് പുക ഉയര്‍ന്നു: അഗ്നിബാധയ്ക്ക് പിന്നില്‍ ടിക്കറ്റില്ലാതെ യാത്രചെയ്തയാണെന്ന് അധികൃതര്‍

വന്ദേ ഭാരത് എക്‌സ്പ്രസില്‍ നിന്ന് പുക ഉയര്‍ന്നതിനുപിന്നാലെ യാത്രക്കാരെ ട്രെയിനില്‍ നിന്ന് ഇറക്കി. ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് തിരുപ്പതി-സെക്കന്ദരാബാദ് വന്ദേ ഭാരത് എക്‌സ്പ്രസില്‍ നിന്നും പുക ഉയര്‍ന്നത്. സംഭവം യാത്രക്കാരിൽ പരിഭ്രാന്തി പരത്തി.

പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരില്‍ ചിലര്‍ ലോക്കോ പൈലറ്റിനെ അറിയിച്ചതിനെ തുടർന്ന് മനുബോലുവിൽ ട്രെയിൻ നിർത്തി. യാത്രക്കാരെ ട്രെയിനിൽ നിന്ന് ഇറക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പുകയുടെ കാരണം വ്യക്തമായത്. സംഭവത്തെത്തുടർന്ന് ട്രെയിൻ അരമണിക്കൂറോളം നിർത്തിയിടേണ്ടി വന്നു.

ഒരു കോച്ചിലെ ടോയ്‌ലറ്റിൽ നിന്നാണ് പുക ഉയരുന്നതെന്ന് റെയിൽവേ ജീവനക്കാർ കണ്ടെത്തി. ടോയ്‌ലറ്റിലിരുന്ന് ഒരു യാത്രക്കാരൻ സിഗരറ്റ് വലിച്ചതായും കത്തുന്ന സിഗററ്റ് പിന്നീട് മാലിന്യത്തിലേക്ക് വലിച്ചെറിയുകയും ചെയ്തതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നും റയിൽവേ അധികൃതർ പറഞ്ഞു.

സംഭവത്തില്‍ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ആളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. അതേസമയം ഇയാള്‍ ടിക്കറ്റ് എടുക്കാതെയാണ് യാത്ര ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Sum­ma­ry: Smoke bil­lows from Vande Bharat Express
You may also like this video

Exit mobile version