Site iconSite icon Janayugom Online

അരുന്ധതി റോയിയുടെ പുസ്തകത്തില്‍ പുകവലിയ്ക്കുന്ന ചിത്രം; കവര്‍ പേജ് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തക കവറിലെ പുകവലിക്കുന്ന ചിത്രത്തിനെതിരായ പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി. പൊതുതാൽപര്യ ഹർജികൾ ദുരുപയോഗം ചെയ്യരുതെന്ന് ഹർജിക്കാരന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. വസ്തുതകൾ പരിശോധിക്കാതെയാണ് ഹർജി നൽകിയതെന്നും കോടതി വിമർശിച്ചു. ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ കവർപേജിൽ പുകവലിക്കുന്ന ചിത്രം ഉപയോഗിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിയിലെ വാദം. പരാതിയുണ്ടെങ്കിൽ ഹർജിക്കാരൻ ബന്ധപ്പെട്ട അതോറിറ്റിയെയാണ് സമീപിക്കേണ്ടിയിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമപ്രകാരമുള്ള മുന്നറിയിപ്പ് പുസ്തകത്തിന്റെ കവർപേജിൽ നൽകാതെയാണ് എഴുത്തുകാരി പുകവലിക്കുന്ന ചിത്രം മുഖചിത്രമായി അച്ചടിച്ചുവന്നത് തെറ്റാണെന്നായിരുന്നു ഹൈക്കോടതി അഭിഭാഷകനായ രാജസിംഹൻ നൽകിയ ഹർജിയിലെ പ്രധാന വാദം. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിത്വമാണ് അരുന്ധതി റോയിയെന്നും, അവരുടെ പുകവലിക്കുന്ന ചിത്രം പലരിലും പുകയില ഉപയോഗിക്കാനുള്ള പ്രചോദനമായി പ്രവർത്തിക്കുമെന്നും അതിനാൽ പുസ്തകത്തിന്റെ പ്രചാരണവും വിൽപനയും തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Exit mobile version