Site icon Janayugom Online

സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

വടക്കാഞ്ചേരിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് സ്കൂൾ കോമ്പൗണ്ടിൽ പാമ്പ് കടിയേറ്റ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐഎഎസിനാണ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്. ഡിഇഒ, ഹെഡ്മാസ്റ്റർ തുടങ്ങിയവർ സ്കൂൾ തുറക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടികൾ പാലിച്ചോ എന്ന കാര്യം അന്വേഷിക്കും.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പ് വരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ സ്കൂൾ അധികൃതർക്കും നിർദ്ദേശം നൽകിയിരുന്നു. ഇതടക്കമുള്ള നിർദ്ദേശങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കും.

സ്കൂൾ ശുചിത്വവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ കുറവുകൾ ഉണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കാൻ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും കർശന നിർദേശം നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

വടക്കാഞ്ചേരി ആനപ്പറമ്പ് ഗവ. ബോയ്സ് എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആദേശ് അനിൽ കുമാറിനാണ് ഇന്നലെ സ്കൂൾ പരിസരത്ത് വച്ച് പാമ്പ് കടിയേറ്റത്. സ്കൂളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അധ്യയനം ഗേൾസ് എൽപിസ്കൂളിലേക്ക് മാറ്റിയിരുന്നു.

സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ കുട്ടി അണലി കുഞ്ഞിന്റെ പുറത്ത് ചവിട്ടുകയായിരുന്നു. ചെറിയ പോറലാണേറ്റത്. അതിനാൽ വിഷം ശരീരത്തിലേക്ക് പ്രവേശിച്ചില്ല. പാമ്പിനെ ബസ് ജീവനക്കാർ തല്ലിക്കൊന്നു. തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Eng­lish summary;Snake bite inci­dent at school stu­dent; Edu­ca­tion Min­is­ter orders probe

You may also like this video;

Exit mobile version