Site iconSite icon Janayugom Online

ഈ ബസുകളുടെ ചിത്രം പകർത്തിയാൽ സമ്മാനം നിങ്ങളെ തേടിയെത്തും; ‘ഇൻക്രെഡിബിൾ ഇന്ത്യ’യുമായി ഇന്ത്യൻ എംബസി

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര സൗഹൃദത്തിന്റെ പുതിയ അധ്യായത്തിന് കരുത്തുപകർന്ന്, കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം പ്രമോഷൻ ക്യാമ്പയിൻ ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യൻ എംബസി ഈ വൻകിട പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിയും കുവൈറ്റ് ടൂറിസ്റ്റിക് എന്റർപ്രൈസസ് കമ്പനി സിഇഒ അൻവർ അബ്ദുള്ള അൽ‑ഹുലൈലയും ചേർന്ന് ക്യാമ്പയിൻ ഫ്ലാഗ് ഓഫ് ചെയ്തു. 

ഇന്ത്യയിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നൂറിലധികം ചിത്രങ്ങൾ ആലേഖനം ചെയ്ത 20 ബസ്സുകളാണ് ഒരു മാസക്കാലം കുവൈറ്റിലെ പ്രധാന നിരത്തുകളിലൂടെ പര്യടനം നടത്തുക. കേരളത്തിലെ പ്രകൃതിരമണീയമായ കായലുകളും മൂന്നാറിലെ തേയിലത്തോട്ടങ്ങളും മുതൽ ഹിമാലയൻ താഴ്‌വരകളും രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ കൊട്ടാരങ്ങളും വരെ ഈ ബസുകളിൽ കാണാം. കുവൈറ്റ് പൗരന്മാർക്ക് ഇന്ത്യയിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ സഹായിക്കുന്ന ‘ഇ‑വിസ’ സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങളും ക്യാമ്പയിന്റെ ഭാഗമായി പങ്കുവെക്കുന്നുണ്ട്. പൊതുജനങ്ങൾക്കായി ആവേശകരമായ ഒരു മത്സരവും ഇന്ത്യൻ എംബസി പ്രഖ്യാപിച്ചിട്ടുണ്ട്. 

കുവൈറ്റ് നിരത്തുകളിൽ ഓടുന്ന ‘ഇൻക്രെഡിബിൾ ഇന്ത്യ’ ബസുകളുടെ ഫോട്ടോ എടുത്ത് ഇന്ത്യൻ എംബസിയെ ടാഗ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവർക്ക് ലക്കി ഡ്രോയിലൂടെ ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. വരാനിരിക്കുന്ന യാത്രാ സീസണിൽ കുവൈറ്റിൽ നിന്നുള്ള വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കുവൈറ്റിലെ മാധ്യമപ്രവർത്തകർ, ടൂർ ഓപ്പറേറ്റർസ്, ട്രാവൽ ഏജൻസി പ്രതിനിധികൾ, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Exit mobile version