Site iconSite icon Janayugom Online

സോൻ പാപ്ഡിയില്‍ മായം; രാം ദേവിന്റെ മാനേജരടക്കം മൂന്നുപേര്‍ക്ക് തടവ്

ഗുണനിലവാരമില്ലാത്ത ഉല്പന്നം വിറ്റതിന് പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ മൂന്നുപേർക്ക് തടവ് ശിക്ഷ. പതഞ്ജലി നവരത്ന എലൈച്ചി സോൻ പാപ്ഡി സാമ്പിളുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി.
പിത്തോരഗഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സഞ്ജയ് സിങ് ആണ് മൂന്നുപേര്‍ക്ക് ആറ് മാസം തടവും പിഴയും വിധിച്ചത്. പതഞ്ജലി ആയൂർവേദ് ലിമിറ്റഡിന്റെ അസിസ്റ്റന്റ് മാനേജർ അഭിഷേക് കുമാർ, കച്ചവടക്കാരനായ ലീലാ ധർ പഥക്, വിതരണക്കാരനായ അജയ് ജോഷി എന്നിവർക്കാണ് ശിക്ഷ.

2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. ബെറിനാഗിലെ മാർക്കറ്റിൽ പതഞ്ജലിയുടെ ഉല്പന്നങ്ങൾ വിൽക്കുന്ന ലീലാ ധർ പഥകിന്റെ കടയിൽ ഭക്ഷ്യസുരക്ഷാ ഇൻസ്പെക്ടർ പരിശോധന നടത്തുകയും തുടർന്ന് പതഞ്ജലി നവരത്‌ന എലൈച്ചി സോൻ പാപ്ഡി പരിശോധനയ്ക്ക് എടുക്കുകയുമായിരുന്നു. ഫോറൻസിക് പരിശോധനയില്‍ സോൻ പാപ്ഡിക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസർ മൂന്ന് പേർക്കെതിരെയും കേസെടുക്കുകയായിരുന്നു. 

2006ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ സെക്ഷൻ 59 പ്രകാരം മൂന്ന് പേർക്കും ആറുമാസം തടവും ലീലാ പഥകിന് 5000 രൂപയും അജയ് ജോഷിക്ക് 10000 രൂപയും അഭിഷേക് കുമാറിന് 25000 രൂപ പിഴയും വിധിക്കുകയായിരുന്നു. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴ് ദിവസം മുതൽ ആറ് മാസം വരെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി കുടുങ്ങിയ സാഹചര്യത്തിലാണ് പുതിയ സംഭവം. ബാബാ രാംദേവ് ഉൾപ്പെടെയുള്ളവർക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയ സുപ്രീം കോടതി കേസ് വിധിപറയാന്‍ മാറ്റിയിരിക്കുകയാണ്. 

Eng­lish Summary:Soan Pap­di case; Three peo­ple, includ­ing Ram Dev’s man­ag­er, were jailed
You may also like this video

Exit mobile version