സമൂഹമാധ്യമങ്ങളുടെ നിയന്ത്രണത്തില്‍ കൂടുതല്‍ പിടിമുറുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. സർക്കാരുമായി ബന്ധപ്പെട്ട ‘തെറ്റാ‘യതോ ‘തെറ്റിദ്ധരിപ്പിക്കുന്നതോ’ ആയ ഉള്ളടക്കങ്ങളെ തിരിച്ചറിയാൻ വസ്തുതാ പരിശോധനാ സംവിധാനത്തെ നിയോഗിക്കുന്നതാണ് പുതിയ നീക്കം. ഇതുപ്രകാരം കണ്ടെത്തുന്ന വാർത്തകളോ ലേഖനങ്ങളോ മറ്റ് ഉള്ളടക്കങ്ങളോ, അത് പങ്കുവയ്ക്കുന്ന മൂന്നാം കക്ഷി നീക്കം ചെയ്യേണ്ടി വരും. വസ്തുതാ പരിശോധനാ സമിതിയെ നിയമിക്കുന്നതിന് പുതിയ ഐടി നിയമഭേദഗതിയുടെ ഭാഗമായി വിജ്ഞാപനം ചെയ്ത ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നു.
ഇതിനെതിരെ എഡിറ്റേഴ്സ് ഗില്‍ഡ് അടക്കമുള്ള മാധ്യമസംഘടനകള്‍ രംഗത്തെത്തി. പ്രസ് ഇൻഫർമേഷൻ ബ്യുറോ (പിഐബി) യുടെ കീഴിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്ന ഫാക്ട് ചെക്കിങ് ബോഡി ‘തെറ്റാണെന്ന്‘കണ്ടെത്തുന്ന എല്ലാ ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്നും മറ്റിടങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്ന് കഴിഞ്ഞ ജനുവരിയിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ അന്തിമ രേഖകളിൽ നിന്ന് പിഐബിയെ സംബന്ധിച്ചുള്ള പരാമർശങ്ങൾ കേന്ദ്രം നീക്കം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകൃത വസ്തുതാ പരിശോധകര്‍ കണ്ടെത്തുന്ന തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഒരു തരത്തിലുള്ള സംരക്ഷണവും ലഭിക്കില്ലെന്ന് സമൂഹമാധ്യമ കമ്പനികള്‍ക്കും നിര്‍ദേശമുണ്ട്.
അത്തരം പോസ്റ്റുകൾ ഇടനിലക്കാർ ഉടന്‍ നീക്കം ചെയ്യണം. അല്ലെങ്കിൽ അവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് പുതിയ ചട്ടങ്ങളില്‍ പറയുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, സംസ്ഥാന തെരഞ്ഞെടുപ്പുകൾ എന്നിവയ്ക്കു മുന്നോടിയായുള്ള കേന്ദ്ര നീക്കം സർക്കാരിനെതിരായ വിമർശനങ്ങളെ നിശബ്ദമാക്കാനുള്ളതെന്ന് വിലയിരുത്തപ്പെടുന്നു. വ്യാജവാർത്തകളുടെ നിർണയം സർക്കാരിന്റെ മാത്രം കൈകളിൽ ഒതുക്കാൻ സാധിക്കില്ല. ഇത് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ചൂണ്ടിക്കാട്ടി. മാധ്യമങ്ങളെ ഈ രീതി പ്രതികൂലമായി ബാധിക്കുമെന്നും നിർദേശം ഉടൻ പിൻവലിക്കണമെന്നും ന്യൂസ് ബ്രോഡ്‌കാസ്റ്റേഴ്‌സ് ആന്റ് ഡിജിറ്റൽ അസോസിയേഷൻ, ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി തുടങ്ങിയ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.
English SUmmary: Social media censorship
You may also like this video