Site iconSite icon Janayugom Online

സമൂഹ മാധ്യമ നിയന്ത്രണം: അപ്പീല്‍ സമിതികള്‍ രൂപീകരിച്ച് കേന്ദ്രം

social mediasocial media

സമൂഹമാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ഉപഭോക്താക്കളുടെ പരാതികള്‍ പരിശോധിക്കാന്‍ മൂന്ന് പരാതിപരിഹാര അപ്പീല്‍ സമിതികള്‍ (ജിഎസി) രൂപീകരിക്കുന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.
ഓരോ സമിതികള്‍ക്കും ഒരു ചെയര്‍ പേഴ്സണും രണ്ട് സ്ഥിര അംഗങ്ങളും ഉണ്ടാകും. വ്യത്യസ്ത മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തുക. ഇതുകൂടാതെ സമൂഹമാധ്യമവുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്ന് വിരമിച്ച ഒരാളെ സീനിയര്‍ എക്സിക്യൂട്ടീവ് ആയി നിയമിക്കും. ഇവരുടെ കാലാവധി മൂന്ന് വര്‍ഷത്തേക്കായിരിക്കും. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ് ആദ്യ പാനലിന്റെ അധ്യക്ഷൻ.

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ അശുതോഷ് ശുക്ല, പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ ചീഫ് ജനറല്‍ മാനേജറും ചീഫ് ഇൻഫർമേഷൻ ഓഫിസറുമായ സുനില്‍ സോണി എന്നിവരെയാണ് സ്ഥിരം അംഗങ്ങളായി നിയമിച്ചിരിക്കുന്നത്.
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പോളിസി ആന്റ് അഡ്മിനിസ്ട്രേഷന്‍ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിക്കായിരിക്കും രണ്ടാം സമിതിയുടെ ചുമതല. വിരമിച്ച നാവിക സേന ഉദ്യോഗസ്ഥന്‍ സുനില്‍ കുമാര്‍ ഗുപ്ത, എല്‍ ആന്റ് ടി ഇന്‍ഫോടെക്ക് മുന്‍ വൈസ് പ്രസിഡന്റ് കവീന്ദ്ര ശര്‍മ എന്നിവരാണ് മറ്റം അംഗങ്ങള്‍.
ഐടി മന്ത്രാലയത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ കവിത ഭാട്ടിയ ആണ് മൂന്നാമത്തെ പാനലിന്റെ അധ്യക്ഷ. റെയില്‍വേ മുന്‍ ട്രാഫിക് സര്‍വീസ് ഓഫിസര്‍ സഞ്ജയ് ഗോയല്‍, ഐഡിബിഐ ഇന്‍ടെക് മുന്‍ മാനേജിങ് ഡയറക്ടര്‍ കൃഷ്ണഗിരി രഘോത്തമ റാവു എന്നിവരെയാണ് സ്ഥിരം അംഗങ്ങളായി നിയമിച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: Social media reg­u­la­tion: Cen­ter to set up appel­late committees

You may like this video also

Exit mobile version