Site icon Janayugom Online

‘സാഫ്’ മൂലം ജീവിതം ‘സേഫാക്കി’ ഒരുകൂട്ടം വനിതകൾ

കക്കത്തൊഴിലാളികളായ ഒരുകൂട്ടം വനിതകളുടെ അതിജീവനത്തിന്റെ കഥയാണ് സാഫിന് പറയാനുള്ളത്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിച്ച് മത്സ്യതൊഴിലാളി വനിതകളെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2005ലാണ് സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിൽ സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വിമെൻ (സാഫ്) പദ്ധതി ആരംഭിക്കുന്നത്. തീരദേശത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ചെറുകിട തൊഴിൽ സംരഭങ്ങളുടെ വികസനമാണ് ഇതുവഴി നടപ്പിലാക്കുന്നത്. ഒമ്പത് തീരദേശ ജില്ലകളിലും കോട്ടയം ജില്ലയിലുമായി വിജയകരനമായ വിധത്തിൽ പദ്ധതികൾ പ്രാവർത്തികമാക്കിവരുന്നുണ്ട് സാഫ്.

സ്വന്തമായി ചെറുകിട സംരംഭങ്ങൾ തുടങ്ങി ജീവിതം ‘സേഫാ‘ക്കിയ വനിതകളാണ് ഇന്ന് സാഫിന്റെ കരുത്ത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളെ ഉൾപ്പെടുത്തി വിവിധ തരത്തിലുള്ള ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാങ്കേതികവും സാമ്പത്തികവുമായ സഹായം സാഫ് ഉറപ്പാക്കുന്നുണ്ട്. സംസ്ഥാനത്തെ 10 ജില്ലകളിലായി എണ്ണായിരത്തോളം വനിതകൾ സാഫിൽ അംഗമാണ്. 1800ഓളം ചെറുകിട തൊഴിൽ സംരംഭങ്ങളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. അ‍ഞ്ച് പേരടങ്ങുന്ന ഒരു യൂണിറ്റിന് ഒരംഗത്തിന് ഒരുലക്ഷം രൂപ എന്ന നിലയിൽ അ‍ഞ്ച് ലക്ഷം വരെ ഗ്രാന്റ് അനുവദിക്കുന്നുണ്ട്.

പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവും ആണ്. 2021–22 വർഷത്തിൽ 84 കോടി രൂപയാണ് വിവിധ യൂണിറ്റുകളിൽ നിന്നായി വിറ്റുവരവ്. കോട്ടയം ജില്ലയിൽ മാത്രം 162 സ്വയം തൊഴിൽ സംരംഭങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവയിലായി 440 വനിതകള്‍ ജോലി ചെയ്ത് വരുമാനം നേടുന്നു. മാസം 7500 രൂപ മുതൽ 40,000 രൂപ വരെയാണ് ഇവരുടെ വരുമാനം.

ഇതിൽത്തന്നെ കക്ക വാരി പുഴുങ്ങി, കക്ക ഇറച്ചി തലച്ചുമടിലും, കച്ചവടക്കാർക്ക് നേരിട്ട് വിറ്റും ദിവസ വരുമാനം കണ്ടെത്തുന്നവരുണ്ട്. 51 യൂണിറ്റിലായി 137 വനിതകൾ ജില്ലയിൽ കക്ക സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. നാലുമുതൽ ആറ് മണിക്കൂർ വരെയാണ് ജോലി സമയം. ഒരു മാസം ഒന്നരലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ഇവരുടെ വിറ്റുവരവ്. മാസം ലാഭ ഇനത്തിൽ 20,000 രൂപമുതൽ 25,000 രൂപ വരെ ഇവർ നേടുന്നുണ്ട്.

Eng­lish Sum­ma­ry : Soci­ety for Assis­tants to Fish­er Women (SAF) Scheme
You may also like this video

Exit mobile version