ആണ്‍കുഞ്ഞു പിറക്കാത്തതിന് മരുമകളെ കുറ്റപ്പെടുത്തുന്ന മാതാപിതാക്കളെ, കുട്ടിയുടെ ലിംഗഭേദം നിശ്ചയിക്കുന്ന ക്രോമസോമുകള്‍ മകന്റേതാണെന്ന് മനസിലാക്കിക്കൊടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ആണ്‍കുഞ്ഞു പിറക്കാത്തതിന്റെ പേരിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയെന്ന കേസില്‍ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ പരാമർശം.
സമകാലിക ലോകത്ത് ഒരു സ്ത്രീയുടെ മൂല്യം ഇത്തരത്തില്‍ കണക്കാക്കുന്നത് സമത്വത്തിനും അന്തസിനും വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീയുടെ മൂല്യം പൊന്നിലും പണത്തിലുമെല്ലാം ആണെന്നു കരുതുന്നത് അന്തസ്സിനെയും തുല്യതയെയും പറ്റിയുള്ള പുതിയ സങ്കല്‍പ്പങ്ങള്‍ക്കു വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമത്വത്തിന്‍ മുന്‍തൂക്കം നല്‍കി സ്ത്രീശാക്തീകരണത്തിനായി പരിശ്രമിക്കുന്ന ഒരു സമൂഹത്തിന് ഇത്തരം സംഭവങ്ങള്‍ നിരാശ പകരുന്നതായും കോടതി പറഞ്ഞു. മകള്‍ക്കു നല്ലൊരു പുതു ജീവിതം പ്രതീക്ഷിച്ചാണ് മാതാപിതാക്കള്‍ ഭര്‍തൃവീട്ടിലേക്ക് അയക്കുന്നത്. അവിടെ അവള്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നത് എത്രമാത്രം അസ്വസ്ഥജനകമാണെന്ന് കോടതി നിരീക്ഷിച്ചു.
എക്‌സ്, എക്‌സ് ക്രോമസോമുകളും എക്‌സ്, വൈ ക്രോമസോമുകളും ചേരുമ്പോഴാണ് പെണ്‍കുട്ടിയും ആണ്‍കുട്ടിയും ജനിക്കുന്നത്. ഇത്തരത്തിലുള്ള സങ്കലനത്തില്‍ പുരുഷ ബീജത്തിലെ ക്രോമസോമുകളുടെ പങ്ക് നിര്‍ണായകമാണ്. ആണ്‍കുഞ്ഞു പിറക്കാത്തതിന് മരുമകളെ കുറ്റപ്പെടുത്തുന്ന മാതാപിതാക്കളെ ഈ ശാസ്ത്ര വസ്തുത ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം ബോധവത്കരണം ഉപകരിക്കുമെന്നും കോടതി നിരീക്ഷിച്ചു.
English Summary; Society should understand that male chromosomes determine sex of child: Delhi High Court
You may also like this video