Site iconSite icon Janayugom Online

ബലാത്സംഗ ശ്രമം: സൈനികന് സസ്പെന്‍ഷന്‍

ഇംഫാല്‍: കലാപം രൂക്ഷമായ മണിപ്പൂരില്‍ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ബിഎസ്എഫ് സൈനികന് സസ്പെന്‍ഷന്‍. ഹെഡ് കോണ്‍സ്റ്റബിളായ സതീഷ് പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുക്കി വിഭാഗം വനിതകളെ നഗ്നരാക്കി പരേഡ് ചെയ്യിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് സൈനികന്റെ അതിക്രമം.
യൂണിഫോം ധാരിയായ ഒരാള്‍ വനിതയ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്ന സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇംഫാലില്‍ പെട്രോള്‍ പമ്പിനടുത്തുള്ള കടയില്‍ ഈ മാസം 20ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിവ. പരാതി ലഭിച്ചയുടൻ ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും ഇയാള്‍ വീട്ടുതടങ്കലിലാണെന്നും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതിനിടെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. തൗബാൽ ജില്ലയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ചുരാചന്ദ്പൂരില്‍ കുക്കി സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ റാലി നടത്തി. ആയിരക്കണക്കിനാളുകള്‍ കറുപ്പ് വസ്ത്രമണിഞ്ഞ് റാലിയില്‍ പങ്കെടുത്തു.
അതേസമയം സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. നിലവില്‍ ബ്രോഡ്ബാന്റ് സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.
മൊബൈല്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിന് അനുമതിയില്ല. സമൂഹമാധ്യമ വെബ്സൈറ്റുകളുടെയും വിപിഎന്നുകളുടെയും ഉപയോഗത്തിനും വിലക്കുണ്ട്.

Eng­lish Sum­ma­ry: Sol­dier tries to rape woman in Manipur

You may also like this video

Exit mobile version