Site iconSite icon Janayugom Online

പ്രതിരോധ വകുപ്പിന്റെ ഉദാസീനത ; പ്രതിവര്‍ഷം മരിക്കുന്നത് 1,600 സൈനികര്‍

ശത്രുസൈനികരുടെ തോക്കിന് ഇരയാകുന്നതിനെക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ സേനകളിലെ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നത് ആഭ്യന്തര അപകടങ്ങളില്‍. പ്രതിരോധ വകുപ്പിന്റെ ഉദാസീനതയാണ് അപകടം വരുത്തിവയ്ക്കുന്നതെന്നും പ്രതിവര്‍ഷം 1,600 സൈനികരാണ് വിവിധ സേനകളില്‍ നിന്നായി മരണത്തിന് കീഴടങ്ങുന്നതെന്നും ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തിയുള്‍പ്പെടെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും കാത്തുസൂക്ഷിക്കുന്ന സേനകളിലാണ് അധികൃതരുടെ ഉദാസീനത മൂലം വിലപിടിപ്പുള്ള ജീവനുകള്‍ നഷ്ടമാകുന്നത്.

രാജ്യത്തിന്റെ മൊത്തം ബജറ്റില്‍ 13.18 ശതമാനം തുക നീക്കിവയ്ക്കുന്ന പ്രതിരോധ സേനയിലാണ് ഇത്രയും വലിയ ഉത്തരവാദിത്തവീഴ്ച. അപകടം, ആത്മഹത്യ എന്നിവയുള്‍പ്പെടെ പലകാരണങ്ങളാലും സൈനികര്‍ കൊല്ലപ്പെടുന്നുണ്ട്. 2003ല്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനിടെ കേവലം 150 യുഎസ് ഭടന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍, അതേകാലയളവില്‍ ഇന്ത്യ‑പാക് അതിര്‍ത്തിയില്‍ 2,000 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മികച്ച ഹെല്‍മറ്റ്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, സുരക്ഷാ സംവിധാനം എന്നിവയില്ലാതെ സൈനികരുടെ മരണം ഒഴിവാക്കാന്‍ കഴിയില്ലെന്ന് പേര് വെളിപ്പെടുത്താത്ത യുവ മേജര്‍ അഭിപ്രായപ്പെട്ടു.

2016ല്‍ സിയാച്ചിന്‍ മേഖലയില്‍ മാത്രം 1,000 ഓളം സൈനികര്‍ക്ക് ജീവന്‍ നഷ്ടമായെന്നും ഇതില്‍ ശത്രുക്കളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് 220 പേരായിരുന്നുവെന്നുമാണ് കണക്കുകള്‍. സൈനികര്‍ക്കും ഓഫിസര്‍മാര്‍ക്കും മൂന്നു വര്‍ഷം പരിശീലനം നല്‍കുന്നതില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി വരുത്തുന്ന വീഴ്ചയാണ് പല അപകടങ്ങള്‍ക്കും കാരണമെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പ്രതിരോധ വകുപ്പ് വിശദീകരിക്കുന്നു.

എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ രാജ്യസുരക്ഷയുടെ ഭാഗമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. കഠിനമായ സാഹചര്യങ്ങളിലെ ജോലി, നിലവാരം കുറഞ്ഞ വാഹനങ്ങള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് സൈനികരുടെ അകാല വിയോഗത്തിന് കാരണമെന്ന് വിരമിച്ച മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശത്രുസൈന്യമല്ല, മറിച്ച് ആഭ്യന്തരമായി ഉണ്ടാകുന്ന പലവിധ പ്രതിസന്ധികളും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനവുമാണ് പലപ്പോഴും സൈനികരുടെ മരണത്തിന് ഹേതുവാകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: soldiers
You may also like this video

Exit mobile version