Site iconSite icon Janayugom Online

ചില ഈസ്റ്റര്‍ വിശേഷങ്ങള്‍

എല്ലാ ക്രൈസ്തവ കുടുംബങ്ങളും ഐക്യത്തോടും വിശുദ്ധിയോടും കൂടി ഈസ്റ്റര്‍ ആഘോഷിക്കുന്ന ഒരു രാജ്യമാണ് ഇറ്റലി. ഈസ്റ്റര്‍ വാരത്തിന്റെ ആരംഭദിനമായ ഓശാന ഞായറാഴ്ച ഒലിവിലയും കുരുത്തോലയുമായി വിശ്വാസികള്‍ ദേവാലയങ്ങളിയേക്ക് പോകും. പുരോഹിതര്‍ അവ ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്‍കും. മാര്‍പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കുന്ന പീഡാനുഭവ ശുശ്രൂഷയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേരും. കാല്‍ കഴുകല്‍ ശുശ്രൂഷയും ദേവാലയ പ്രദക്ഷിണവും ഈസ്റ്റര്‍ സദ്യും മുഖ്യ ഇനങ്ങളാണ്. കുഞ്ഞാടിന്റെ വറുത്ത ഇറച്ചി, പലതരം ബ്രഡുകള്‍, മധു പലഹാരം, പഴവര്‍ഗങ്ങള്‍ എന്നിവയാണ് ഈസ്റ്റര്‍ സദ്യയിലെ പ്രധാന വിഭവങ്ങള്‍. ചോക്ലേറ്റ് കൊണ്ടുണ്ടാക്കിയ ഈസ്റ്റര്‍ മുട്ടകളും സമ്മാനങ്ങളും അന്ന് കൈമാറും.

ഇന്ത്യന്‍ സംസ്കാരവുമായി ബന്ധമുള്ള ആചാരങ്ങള്‍ക്കാണ് മെക്സിക്കോയിലെ ക്രൈസ്തവര്‍ ഈസ്റ്റര്‍ വാരത്തില്‍ പ്രാധാന്യം നല്‍കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള ആഘോഷങ്ങളാണ് പ്രധാനമായും ഇവിടെ അരങ്ങേറുക. കുരുത്തോലകളുമേന്തി വിശ്വാസികള്‍ ഓശാന ദിവസം ദേവാലയങ്ങളിലെത്തും. വൈദികര്‍ വെഞ്ചരിക്കുന്ന കുരുത്തോലകള്‍ ഭവനങ്ങളില്‍ തുക്കിയിടും. ദുഷ്ടശക്തികളുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷനേടുവാന്‍ ഇത് സഹായിക്കുമെന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ പീഢാസഹനവുമായി ബന്ധപ്പെട്ട നാടകങ്ങള്‍ക്ക് ഇവര്‍ ഈസ്റ്റര്‍ വാരത്തില്‍ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. അന്ത്യത്താഴം, ഒറ്റിക്കൊടുക്കല്‍, കുരിശിന്റെ പന്ത്രണ്ട് വഴികളിലൂടെയുള്ള പ്രദക്ഷിണം, ക്രൂശീകരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ്, യൂബദിയുടെ പ്രതിമ കത്തിക്കല്‍ എന്നിവയൊക്കെ പള്ളികളില്‍ നാടകരൂപത്തില്‍ അവതരിപ്പിക്കും.

നോര്‍വെയില്‍ ഈസ്റ്റര്‍ അറിയപ്പെടുന്നത് പാസ്കെ എന്ന പേരിലാണ്. നിറപ്പകിട്ടാര്‍ന്ന ആഘോഷങ്ങള്‍ക്കാണ് നോര്‍വെയിലെ ക്രൈസ്തവര്‍ പ്രാധാന്യം നല്‍കുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങലേക്കാള്‍ അധിക ദിവസം ഇവര്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. ഈസ്റ്റര്‍ അവധി ഇവിടെ തുടങ്ങുന്നത് ഈസ്റ്റര്‍ വാരത്തിലെ ബുധനാഴ്ചയാണ്. അവസാനിക്കുന്നതാകട്ടെ ഈസ്റ്റര്‍ ഞായറിനുശേഷം വരുന്ന ചൊവ്വാഴ്ചയും. ഈസ്റ്റര്‍ വാരത്തില്‍ രാജ്യമെമ്പാടും അക്ഷരാര്‍ത്ഥത്തില്‍ ഉത്സവ പ്രതീതിയായിരിക്കും. മതപരമായ ചടങ്ങുകള്‍ക്ക് ഇവവിടെ വലിയ പ്രാധാന്യമുണ്ട്. ഈസ്റ്റര്‍ സദ്യയിലെ മുഖ്യ വിഭവം ഈസ്റ്റര്‍ ചിക്കനാണ്. ഈസ്റ്റര്‍ ചിക്കനും മുട്ടകള്‍ക്കും മഞ്ഞ നിറമാണ് നല്‍കുന്നത്. യാത്ത്സീ എന്ന ദേശീയ മത്സരവും ഈസ്റ്റര്‍ വാരത്തില്‍ അരങ്ങേറും. കുറ്റന്വേഷണ നോവലുകള്‍ വായിക്കുവാനും അവയുടെ നാടകാവതരണം അവതരിപ്പിക്കുവാനും ഇവര്‍ മുന്‍കൈയെടുക്കാറുണ്ട്. ഈസ്റ്റര്‍ വാരത്തില്‍ ടിവി, റേഡിയോ, പത്രമാധ്യമങ്ങള്‍ എന്നിവയിലൂടെ അഗതാ ക്രിസ്റ്റിയുടെയും രുത്ത് റണ്ടലിന്റെയും കുറ്റാന്വേണ നോവലുകളുടെ സംപ്രേക്ഷണം തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും. ‘ഈസ്റ്റര്‍ ത്രില്ലേഴ്സ്’ എന്ന തലക്കെട്ടിലായിരിക്കും ഇവ അവതരിപ്പിക്കുക.

മധ്യ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ തന്നെ പോളണ്ടിലെ ക്രൈസ്തവരും ഈസ്റ്റര്‍ വാരത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നവരാണ്. മതപരമായ ചടങ്ങുകള്‍ക്കുതന്നെയാണ് മുഖ്യസ്ഥാനം. പരമ്പരാഗതമായ ഒരു ചടങ്ങാണ് ‘അനുഗ്രഹിക്കപ്പെട്ട കൂട.’ ദുഃഖ ശനിയാഴ്ച വിശ്വാസികള്‍ മനോഹരമായി തയ്യാറാക്കിയ ഒരു കൂടയില്‍ നിറമുള്ള മുട്ടകള്‍, ബ്രഡ്, കേക്ക്, ഉപ്പ്, കുരുമുളക്, വെള്ള നിറത്തിലുള്ള സോസ് എന്നിവയുമായി ദേവാലയങ്ങളിലേയ്ക്ക് പോകും. വൈദികര്‍ അവ ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്‍കും. ഭയഭക്തിയോടെ വിശ്വാസികള്‍ അവ ഭക്ഷിച്ച് അനുഗ്രഹം പ്രാപിക്കും. ഈസ്റ്റര്‍ വാരത്തിന് മുമ്പുള്ള 40 ദിവസം ഭക്തജനം നോമ്പ് ആചരിക്കും. ഈസ്റ്റര്‍ ദിനത്തിലുള്ള പ്രഭാത ഭക്ഷണത്തിന് വലിയ പ്രാധാന്യമാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അതിനായി കടന്നുവരും. പച്ചിലകള്‍ കൊണ്ടും പൂക്കല്‍ കൊണ്ടും ഭക്ഷണമേശ മനോഹരമായി അലങ്കരിക്കും. ഈസ്റ്റര്‍ വാരത്തില്‍ പുകവലി കര്‍ശനമായി ഇവിടെ നിരോധിച്ചിട്ടുണ്ട്. തണുത്ത ഭക്ഷണം ഈ ദിവസങ്ങളില്‍ ഉപയോഗിക്കില്ല. വാട്ടിയ കോഴിമുട്ടയും കുരുമുളകും വൈദികന്‍ ആശീര്‍വദിച്ചത് വിശ്വാസികള്‍ പങ്കുവച്ച് കഴിക്കും. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്ക് പെര്‍ഫ്യൂം നല്‍കുന്ന ചടങ്ങുമുണ്ട്.

പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെ ആചാരാനുഷ്ഠാനമാണ് ഈസ്റ്റര്‍ വാരത്തില്‍ റഷ്യയിലെ ക്രൈസ്തവര്‍ പിന്തുടര്‍ന്നുവരുന്നത്. പൗരസ്ത്യ സഭകള്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരവും പാശ്ചാത്യ സഭകള്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരവുമാണ് ഈസ്റ്റര്‍ ആചരിക്കുക. കലണ്ടറുകള്‍ തമ്മില്‍ 13 ദിവസത്തെ വ്യത്യാസമുണ്ടായിരിക്കും. ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചുള്ള ഈസ്റ്റര്‍ ആഘോഷമാണ് റഷ്യയില്‍ അരങ്ങേറുക. ദുഃഖശനിയാഴ്ച രാത്രിതന്നെ ഈസ്റ്റര്‍ ദിന ശുശ്രൂഷകള്‍ ദേവലായങ്ങളില്‍ ആരംഭിക്കും. രാവിലെ വൈദികര്‍ മദ്ബഹയില്‍ നിന്ന് കൊണ്ട് ഉച്ചത്തില്‍ ഇപ്രകാരം വിളിച്ചുപറയും, ‘കര്‍ത്താവായ യേശുക്രിസ്തു മരണത്തെ തോല്‍പ്പിച്ച് ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു.’ മൂന്നു പ്രാവശ്യം പ്രഖ്യാപനം ആവര്‍ത്തിക്കും. ഇത് കേള്‍ക്കുന്ന വിശ്വാസികള്‍, ‘അതേ, ക്രിസ്തു ഉയിര്‍ത്തു’ എന്ന് ഏറ്റുപറയും. ഈസ്റ്റര്‍ മുട്ടകളുടെ അലങ്കാരമാണ് മറ്റൊരു ചടങ്ങ്. മുട്ടകളുടെ നിറം ചുവപ്പായിരിക്കും. അത് ക്രിസ്തുവിന്റെ രക്തത്തെ പ്രതിനിധീകരിക്കുന്നു. വിശ്വാസികള്‍ എല്ലാവരും ചേര്‍ന്ന് ദേവാലയത്തില്‍ വച്ച് നടത്തുന്ന ഈസ്റ്റര്‍ സദ്യ പ്രധാന ചടങ്ങാണ്. വൈദികര്‍ അനുഗ്രഹിച്ച് നല്‍കുന്ന കേക്കും വിശ്വാസികള്‍ പങ്കുവയ്ക്കും.

സ്വീഡനിലെ ക്രൈസ്തവര്‍ പള്ളികളില്‍ നടക്കുന്ന ശുശ്രൂഷകര്‍ക്കാണ് ഈസ്റ്റര്‍ വാരത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്നത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നാളുകള്‍ക്ക് ശേഷമുള്ള ഒരു ഒത്തുചേരലായി അവര്‍ അതിനെ കണക്കാക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അവധി ദിന ആഘോഷമായി കൂടിയാണ് സ്വീഡിഷ് ജനത ഈസ്റ്റര്‍ വാരത്തെ കണക്കാക്കുന്നത്. പിക്നിക്കിനും പാര്‍ട്ടിക്കുമുള്ള ഒരു വേദിയായി അവര്‍ അതിനെ ഉപയോഗിക്കുന്നു. കുട്ടികള്‍ മനോഹരമായ വസ്ത്രങ്ങള്‍ ധരിച്ച് അണിഞ്ഞൊരുങ്ങും. ഈസ്റ്റര്‍ സമ്മാനങ്ങളുടെ കൈമാറ്റം പ്രധാന ചടങ്ങാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പെയിന്റിങ്ങുകള്‍ നല്‍കുകയും പ്രത്യുപകാരമായി അവരില്‍ നിന്ന് ഈസ്റ്റര്‍ സമ്മാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന പതിവുമുണ്ട്. സ്വീഡനില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു ഈസ്റ്റര്‍ പഴഞ്ചൊല്‍ ഇപ്രകാരമാണ്, ‘ഈസ്റ്റര്‍ വാരത്തില്‍ ദുഷ്ടശക്തികള്‍ അവരുടെ തലവനായ പിശാചിനെ കാണാന്‍ നീലമലയിലേയ്ക്ക് പോകും.’ ആട്ടിറച്ചി വരുത്തത്, ഉരുളക്കിഴങ്ങ്, സവാള വിവിധതരം സാലഡുകള്‍ എന്നിവയായിരിക്കും ഈസ്റ്റര്‍ സദ്യകളിലെ മുഖ്യ വിഭവങ്ങള്‍. ചുവന്ന നിറത്തിലും മഞ്ഞനിറത്തിലും പെയിന്റ് ചെയ്ത ഈസ്റ്റര്‍ മുട്ടകളും വിതരണം ചെയ്യും. സൂര്യോദയവും അസ്തമയവുമാണ് ഈ നിറങ്ങളെ പ്രതിനിധീകരിക്കുന്നത്.

 

Exit mobile version