Site iconSite icon Janayugom Online

താൻ പാലക്കാട്ടുകാരനാണെന്ന് പറയുമ്പോൾ ചിലർക്ക് സങ്കടം; സതീശന്റെ വാദങ്ങൾ വസ്തുതയ്ക്ക് വിരുദ്ധമെന്നും പി സരിൻ

താൻ പാലക്കാട്ടുകാരനാണെന്ന് പറയുമ്പോൾ ചിലർക്ക് സങ്കടമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ . പാലക്കാടും ഒറ്റപ്പാലത്തുമായി താമസിച്ചു. അടുത്തിടെയാണ് സ്ഥിര താമസ വിലാസത്തിലേക്ക് വോട്ട് മാറ്റിയതെന്നും വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ ബോധ്യപ്പെടുമെന്നും സരിൻ പറഞ്ഞു.

വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങളാണ് വി ഡി സതീശൻ പടച്ചുവിടുന്നത്. തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത് ആണ് . അവരെ ഇവിടെ നിന്ന് മാറ്റാനുള്ള പ്രയാസം കൊണ്ടാണ് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയത്. 2017 ൽ ഈ വീട് വാങ്ങി. 2020 ൽ വാടകയ്ക്ക് നൽകി. ഈ വീട്ട് വിലാസം നൽകിയാണ് വോട്ടർ പട്ടികയിൽ ചേർത്തതെന്നും സരിൻ കൂട്ടിച്ചേർത്തു. ഭാര്യ ഡോ സൗമ്യയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സരിൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വീട്ടിലേക്കും ക്ഷണിച്ചു. 

സൗമ്യ എവിടെ എന്ന് കുറെയായി ചിലർ ചോദിക്കുന്നുണ്ട്. വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ ബോധ്യപ്പെടുമെന്ന് സരിൻ പറഞ്ഞു. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടാണ് ഭാര്യയുമായെത്തി സരിന്റെ മറുപടി. ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്ന് ഡോ സൗമ്യയും പ്രതികരിച്ചു. തന്റെ വഴി രാഷ്ട്രീയമല്ല. താൻ രാഷ്ട്രീയം പറയാറില്ല. തുടക്കം മുതൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചു. വ്യാജ വോട്ടറെന്ന നിലയിൽ പ്രചരണം ഉണ്ടായി. വസ്തുതകൾ പരിശോധിക്കാതെ വീട്ടിലിരിക്കുന്നവരെ മോശം പറയുന്നത് ശരിയല്ല. ഈ വീട് എന്റെ പേരിൽ താൻ വാങ്ങിയത്. ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഊഹിച്ച് വാങ്ങിയതല്ല. സ്വന്തം ജില്ലയിൽ വീട് വേണമെന്ന് കരുതി ലോൺ എടുത്ത് വാങ്ങിയതാണെന്നും സൗമ്യ സരിൻ പറഞ്ഞു. 

Exit mobile version