Site iconSite icon Janayugom Online

സൈബര്‍ തട്ടിപ്പിന് ഇരയായി ബോളിവുഡ് താരം സോനംകപൂറിന്റെ കുടുംബം: സംഘം 27 കോടി രൂപ തട്ടിയത് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്

sonam kapoorsonam kapoor

സൈബര്‍ തട്ടിപ്പ് നടത്തുന്ന വന്‍ ശൃംഖല തകര്‍ത്ത് ഫരീദാബാദ് പൊലീസ്. ബാങ്ക് ഉപയോക്താക്കളെ കബളിപ്പിച്ചാണ് സംഘം വന്‍ രീതിയിലുള്ള തട്ടിപ്പ് നടത്തി വന്നിരുന്നത്. വ്യാജ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റിന്റെ സഹായത്തോടെ ഷാഹി എക്‌സ്‌പോർട്ട് ഫാക്ടറിയുടെ സ്റ്റേറ്റ് റിബേറ്റ്, സെൻട്രൽ ടാക്‌സ് ആൻഡ് ലെവീസ് ലൈസൻസുകൾ ദുരുപയോഗം ചെയ്‌താണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് പോലീസ് പറയുന്നു.

ബോളിവുഡ് താരം സോനം കപൂറിന്റ ഭർത്തൃപിതാവായ ഹരീഷ് അഹൂജയും സംഘത്തിന്റെ സൈബര്‍ തട്ടിപ്പിന് ഇരയായിട്ടുള്ളതായും പൊലീസ് പറഞ്ഞു. ഫരീദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹരീഷ് അഹൂജയുടെ ഷാഹി എക്‌സ്‌പോർട്ട് ഫാക്ടറിയിൽ നിന്ന് 27 കോടി രൂപയാണ് സൈബർ തട്ടിപ്പ് സംഘം കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട സംഘത്തെ ഫരീദാബാദ് പൊലീസ് പിടികൂടിയിട്ടുണ്ട്.

ലക്ഷങ്ങള്‍ വിലയുള്ള ഡിജിറ്റല്‍ കൂപ്പണുകള്‍ക്ക് സമാനമായ ROSCTL ലൈസൻസുകളുപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. തട്ടിപ്പുകാർ ചില വ്യാജസ്ഥാപനങ്ങളിലേക്കായി അഹൂജയുടെ സ്ഥാപനത്തിന്റെ 27.61 കോടി രൂപ വിലമതിക്കുന്ന 154 ROSCTLകൾ സ്വന്തമാക്കി കൈമാറ്റം ചെയ്യുകയായിരുന്നുവെന്ന് ഫരീദാബാദ് ഡിസിപി നിതീഷ് അഗർവാൾ വ്യക്തമാക്കി. ഈ കൂപ്പണുകൾ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റി തട്ടിപ്പുസംഘം പണം കൈപ്പറ്റുകയും ചെയ്തിരുന്നതായി ഡിസിപി അഗർവാൾ പറഞ്ഞു.

കഴിഞ്ഞ ജൂലൈയിൽ അഹൂജ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ഫരീദാബാദ് പോലീസ് ഡൽഹി, മുംബൈ, ചെന്നൈ, കർണാടക തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നായി കേസിലെ ഒമ്പത് പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസംബർ 23നാണ് കേസുമായി ബന്ധപ്പെട്ട അവസാന അറസ്റ്റ് നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പ്രതികളിൽ മുൻ ക്ലർക്കുമാരും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിലെ ജീവനക്കാരും ഉൾപ്പെടുന്നു.

ഡൽഹി സ്വദേശികളായ മനോജ് റാണ, മനീഷ് കുമാർ, പ്രവീൺ കുമാർ, ലളിത് കുമാർ ജെയിൻ, മനീഷ് കുമാർ മോഗ എന്നിവരെ കൂടാതെ മുംബൈ സ്വദേശി ഭൂഷൺ കിഷൻ താക്കൂർ, ചെന്നൈ സ്വദേശി സുരേഷ് കുമാർ ജെയിൻ, കർണാടകയിലെ റായ്ച്ചൂർ സ്വദേശി ഗണേഷ് പരശുറാം, റായ്ഗഢ് സ്വദേശി രാഹുൽ രഘുനാഥ്, പൂനെ സ്വദേശി സന്തോഷ് സീതാറാം എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. പ്രതികളായ മനോജ് റാണ, മനീഷ് കുമാർ, പ്രവീൺ കുമാർ, മനീഷ് കുമാർ മോഗ എന്നിവർ നേരത്തെ ഡിജിഎഫ്ടിയിൽ ക്ലാർക്കുമാരായി ജോലി ചെയ്തിട്ടുണ്ടെന്നും ഡയറക്ടറേറ്റിന്റെ പ്രവർത്തനത്തിൽ നല്ല പരിചയമുള്ളവരാണെന്നും ഡിസിപി പറഞ്ഞു. വൻകിട എക്സ്പോർട്ട് ഇംപോർട്ട് കമ്പനികളെ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള കോടികളുടെ തട്ടിപ്പാണ് സംഘം നടത്തികൊണ്ടിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Eng­lish Sum­ma­ry: Son­am Kapoor’s fam­i­ly vic­tim of cyber scam: Father-in-law lost 27 cr

You may like this video also

Exit mobile version