Site iconSite icon Janayugom Online

ആത്മസൗഹൃദം

ആർദ്രമൊഴുകും പുഴയരികത്തെ-
യ പഴയ കൽക്കെട്ടിൽ കലർന്നിരിക്കെ
നിർത്താതെ ചൊല്ലി സുഹൃത്തു തൻ
ജീവിതവൃത്തവും നാടിൻ ‘പുരോഗതി‘യും
ഏറെ വർഷങ്ങൾക്കുശേഷമവധിക്കു
നാട്ടിലെത്തി ഞാൻ, വിരുന്നുകാരൻ
നാടേറെമാറി, പൊലിയും പാടങ്ങളും
കാവും കുളങ്ങളും ബാക്കിയില്ല
പണ്ടു ഞങ്ങൾ ചേർന്നു ശോഭിതസ്വപ്നങ്ങൾ
കണ്ട പാലത്തറ മാഞ്ഞുപോയി
പുള്ളുവത്തിക്കുടം കൂനന്റെ പീടിക
പച്ചപ്പാവാടക്കുറുമ്പുകാരി
തെച്ചിക്കാടിൻ നിറം പേറുമുടുപ്പുമായ്
നിൽക്കുന്ന ചേച്ചിതൻ കള്ളനോട്ടം
എട്ടണച്ചായയും ദോശയുമാഘോഷ
വട്ടം പകർന്നു പൊലിഞ്ഞ സന്ധ്യ
എത്തേണ്ടോരാളിനായ് ബസുതെറ്റി
ക്ലാസ് നഷ്ടമായ്തീർത്ത പകൽപ്പകർച്ച
നാട്ടിലെപ്പുസ്തകശാലതൻ പേരേട്
തപ്പിത്തിരഞ്ഞ സായന്തനങ്ങൾ
വേർഡ്സ്വർത്തും വിജയനും ഹ്യൂഗോയു-
മാനന്ദും നിദ്രനീട്ടീടുന്ന പാതിരകൾ
അരവിന്ദനും പപ്പനും സത്യജിത്തും ജീവ
നേരുപകർത്തുമുച്ചപ്പടങ്ങൾ
സിംഹവാലന്നു കൂട്ടായ കവികളും
ശാസ്ത്രവുമാവേശംപകർന്ന നാൾകൾ
ചർച്ചയിൽ നീണ്ട നടത്തങ്ങളാൽ വൈകി-
യെത്തവേ അമ്മച്ചെറുശകാരം
അന്നു നാം നേടിയ ജീവന്റെ പാഠങ്ങൾ
യാത്രയിൽ നേരിൻ കരുത്ത് നൽകി
ജീവവിജയത്തിന്നായി നിക്ഷേപിച്ച
മൂലധനമാകും സൗഹൃദങ്ങൾ
നേടുമൊരുപിടിപ്പേരുണ്ടു ലോകത്തിൽ
ആരുണ്ടവരേക്കാൾ ധന്യവാന്മാർ? 

Exit mobile version