Site icon Janayugom Online

സൗമ്യ വിശ്വനാഥൻ വധക്കേസ്: നാലുപ്രതികള്‍ക്ക് ജീവപര്യന്തം

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ 4 പ്രതികൾക്ക് ജീവപര്യന്തം തടവ്. പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ എന്നിവർക്കാണു ജീവപര്യന്തം ശിക്ഷ. മറ്റൊരു പ്രതി അജയ് സേത്തിക്ക് 3 വർഷം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. ഡൽഹി സാകേത് സെഷൻസ് കോടതി അഡീഷനൽ ജഡ്ജി എസ് രവീന്ദർ കുമാർ പാണ്ഡേയാണ് ശിക്ഷ വിധിച്ചത്.

കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. കൊലപാതകം നടന്ന് 15 വർഷത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്.

2008 സെപ്‌തംബർ 30ന്‌ പുലർച്ചെ 3.30നാണ്‌ ഇന്ത്യ ടുഡേ ഗ്രൂപ്പിന്‌ കീഴിലുള്ള ഹെഡ്‌ലൈൻസ് ടുഡേയിൽ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ (25) ജോലിക്കുശേഷം കാറിൽ മടങ്ങവേ കൊല്ലപ്പെട്ടത്‌. കവർച്ച ലക്ഷ്യമിട്ടാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു കണ്ടെത്തല്‍.

2009ൽ കോൾ സെന്റർ എക്സിക്യൂട്ടീവായിരുന്ന ജിഗിഷ ഘോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പിടിയിലായ രവി കപൂർ, അമിത് ശുക്ല എന്നിവർ സൗമ്യയെ കൊലപ്പെടുത്തിയകാര്യം പൊലീസിനോട്‌ വെളിപ്പെടുത്തുകയായിരുന്നു.

Eng­lish Sum­ma­ry: Soumya Vish­wanathan mur­der: 4 con­victs get life sentence
You may also like this video

Exit mobile version