Site iconSite icon Janayugom Online

കണക്ക് വീട്ടാന്‍ ദക്ഷിണാഫ്രിക്ക; ശുഭാരംഭത്തിന് ഇന്ത്യ

ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾക്കായി ഇന്ത്യ ഇന്നിറങ്ങും. നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളി. 2024ലെ ഫൈനലിൽ കിരീടം തട്ടിയെടുത്ത ഇന്ത്യയോട് പകരം വീട്ടാൻ ദക്ഷിണാഫ്രിക്ക എത്തുമ്പോൾ, ആധിപത്യം തുടരാനാകും സൂര്യകുമാർ യാദവും സംഘവും ശ്രമിക്കുക. വൈകിട്ട് ഏഴിനാണ് മത്സരം.

ഗ്രൂപ്പില്‍ തോല്‍വിയറിയാതെയാണ് ഇരുടീമും കളത്തിലെത്തുന്നത്. ലോകകപ്പിൽ ഏഴ് തവണ നേർക്കുനേർ വന്നപ്പോൾ അഞ്ച് തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 2014ലെ സെമിഫൈനലിലും 2024ലെ ആവേശകരമായ ഫൈനലിലും ദക്ഷിണാഫ്രിക്കയെ തകർത്തത് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. സമീപകാലങ്ങളില്‍ ഫോം നോക്കുമ്പോള്‍ അവസാന അഞ്ച് മത്സരങ്ങളിലും തുടർച്ചയായ വിജയങ്ങളുമായി ഇന്ത്യ കുതിക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ നടന്ന പരമ്പരയും (3–1) ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിൽ വിജയിച്ച ദക്ഷിണാഫ്രിക്ക മികച്ച ഫോമിലാണ്.

സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയും എയ്ഡൻ മാർക്രത്തിന്റെ ദക്ഷിണാഫ്രിക്കയും തമ്മിലുള്ള തന്ത്രപരമായ നീക്കങ്ങളാണ് ഇന്നത്തെ മത്സരത്തിന്റെ പ്രധാന ആകർഷണം. 2024 ലോകകപ്പ് ഫൈനലിൽ രോഹിത് ശർമ്മയുടെ കീഴിൽ ഇന്ത്യ കിരീടം നേടിയപ്പോൾ വിജയമുറപ്പിച്ച ബൗണ്ടറി ക്യാച്ചിലൂടെ ഹീറോയായത് ഇന്നത്തെ നായകൻ സൂര്യകുമാർ യാദവായിരുന്നു. പഴയ കണക്കുകൾ ഇന്ത്യക്ക് അനുകൂലമാണെങ്കിലും, ഫൈനലിലെ തോൽവിക്ക് പകരം ചോദിക്കാനുറച്ചാകും ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുക. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ അധികവും ഇടംകയ്യന്‍ ബാറ്റര്‍മാരാകുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ അനുകൂലമാക്കും. അങ്ങനെയെങ്കില്‍ കൂടുതല്‍ ഓഫ് സ്പിന്നര്‍മാരെ പ്രോട്ടീസ്‌പട ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.

എന്നാല്‍ ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിച്ചാല്‍ വലം കയ്യന്‍ ബാറ്റര്‍ എന്ന ആനുകൂല്യത്തോടെ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കും. ഇഷാൻ കിഷൻ ഒഴികെയുള്ള മുൻനിര ബാറ്റർമാർ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്നു. പാകിസ്ഥാനെതിരെയുള്ള ഇഷാന്റെ പ്രകടനം മാത്രമാണ് ഇന്ത്യക്ക് ആശ്വാസം നൽകിയത്. യുവതാരം അഭിഷേക് ശർമ്മ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായത് വലിയ തലവേദനയാണ്. ഇന്ത്യൻ ബാറ്റിങ് നിരയിൽ ഇടംകയ്യൻ ബാറ്റർമാർ കൂടുതലുള്ളത് എതിരാളികൾക്ക് ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് റൺറേറ്റ് കുറയ്ക്കാൻ അവസരം നൽകുന്നു. ടീമിലെ ഈ ബാലൻസ് പ്രശ്നം പരിഹരിക്കാൻ മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. സഞ്ജുവിനെ ഉൾപ്പെടുത്തിയാൽ അഭിഷേക് ശർമ്മയോ തിലക് വർമ്മയോ പുറത്തിരിക്കേണ്ടി വരും.

നമീബിയയ്ക്കെതിരായ മത്സരത്തിൽ ഇഷാൻ കിഷൻ — സഞ്ജു സാംസൺ ജോഡി ഓപ്പണിങ്ങിൽ 25 റൺസ് നേടിയത് ശ്രദ്ധേയമാണ്. ബാറ്റിങ് നിരയിൽ ഒരു വലങ്കയ്യൻ ബാറ്റർ കൂടി വരുന്നത് എതിർ ടീമിന്റെ സ്പിൻ തന്ത്രങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യയെ സഹായിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ദുർബലരായ യുഎസ്എ, നമീബിയ, നെതർലൻഡ്‌സ് ടീമുകൾക്കെതിരെ വിജയിച്ചെങ്കിലും ഇന്ത്യൻ ടീമിന്റെ പ്രകടനം അത്ര തൃപ്തികരമല്ലായിരുന്നു.

Exit mobile version