Site iconSite icon Janayugom Online

തെക്കന്‍, വടക്കന്‍ മേഖലാ ട്രേഡ്‌ യൂണിയൻ ജാഥകള്‍ സമാപിച്ചു

ജൂലൈ ഒമ്പതിനുള്ള പൊതു പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സംയുക്ത തൊഴിലാളി യൂണിയന്‍ സംഘടിപ്പിച്ച മൂന്നില്‍, രണ്ട് മേഖലാ ജാഥകള്‍ സമാപിച്ചു.
വടക്കന്‍ മേഖലാ ജാഥ മലപ്പുറം എടപ്പാളിലും തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരത്തുമാണ് സമാപിച്ചത്. മധ്യമേഖലാ ജാഥ കോട്ടയം ജില്ലയിലെ പര്യടനത്തിനുശേഷം ഇന്ന് സമാപിക്കും. വടക്കൻ മേഖലാ ജാഥയ്ക്ക് മലപ്പുറം ജില്ലയില്‍ ഉജ്വല സ്വീകരണം നല്‍കി. കൊണ്ടോട്ടിയിലായിരുന്നു ആദ്യ സ്വീകരണം. തുടർന്ന് മഞ്ചേരി, പെരിന്തൽമണ്ണ, മലപ്പുറം, തിരൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം എടപ്പാളിൽ സമാപിച്ചു. ജാഥാ ക്യാപ്റ്റൻ കെ എൻ ഗോപിനാഥ്, വൈസ് ക്യാപ്റ്റൻ അഡ്വ. ആർ സജിലാൽ, മാനേജർ ഒ കെ സത്യൻ, എഐടിയുസി സംസ്ഥാന ട്രഷറർ പി സുബ്രഹ്മണ്യൻ, ജില്ലാ സെക്രട്ടറി അഡ്വ. പി പി ബാലകൃഷ്ണൻ, പ്രസിഡന്റ് എം എ റസാഖ് തുടങ്ങിയവർ സംസാരിച്ചു. 

മധ്യമേഖലാ ജാഥ ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വരവേൽപ്പ്‌ ഏറ്റു വാങ്ങി. മൂന്നാറിൽ ആയിരുന്നു ആദ്യ സ്വീകരണം. തുടർന്ന് രാജാക്കാട്, ഉടുമ്പൻചോല, കട്ടപ്പന എന്നീ കേന്ദ്രങ്ങളിൽ വരവേൽപ്പ് ഏറ്റുവാങ്ങി വണ്ടിപെരിയാറിൽ സമാപിച്ചു. ജാഥാ ക്യാപ്റ്റന്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി, വൈസ് ക്യാപ്റ്റൻ സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ, ജാഥാ മാനേജർ ടിയുസിഐ സംസ്ഥാന സെക്രട്ടറി ടി ബി മിനി അടക്കമുള്ള നേതാക്കൾ സംസാരിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് ജോസ് ഫിലിപ്, സെക്രട്ടറി ജി എൻ ഗുരുനാഥൻ, വാഴൂർ സോമൻ എംഎൽഎ, എം വൈ ഔസേഫ്, പി മുത്തുപ്പാണ്ടി, പി പളനി വേൽ, സി യു ജോയി, അഡ്വ. ടി ചന്ദ്രപാൽ, വി കെ ധനപാൽ, വി ആർ ശശി, കുസുമം സതീഷ്, പി എൻ മോഹനൻ, എം ആന്റണി, വി ആർ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് കോട്ടയം ജില്ലയിലാണ് പര്യടനം. ആറ്റിങ്ങലില്‍ എത്തിച്ചേര്‍ന്ന തെക്കൻ മേഖലാ ജാഥയെ ജില്ലാ നേതാക്കൾ വരവേറ്റു. തുടർന്ന് കഴക്കൂട്ടം, നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജാഥാപര്യടനം സമാപിച്ചു. സമാപന സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ജാഥാ ക്യാപ്റ്റന്‍ സിഐടിയു നേതാവ് ജെ മേഴ്സിക്കുട്ടിയമ്മ, മാനേജർ എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ജി ലാലു, എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Exit mobile version