Site iconSite icon Janayugom Online

ദക്ഷിണേന്ത്യന്‍ ഡെര്‍ബി; ആരാധകരോഷം തണുപ്പിക്കണം

തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍. അതില്‍ ര­ണ്ടെണ്ണം സ്വന്തം ആരാധകരുടെ മുന്നില്‍. കഴിഞ്ഞ നാല് വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ ഇത്ര ദയനീയമായി കേരള ബ്ലാസ്റ്റേഴ്‌സ് പന്ത് തട്ടിയിട്ടുണ്ടാകില്ല. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഇറങ്ങുകയാണ്. സ്വന്തം മൈതാനത്ത് ചെന്നൈയിന്‍ എഫ്‍സിയാണ് എതിരാളികള്‍. രാത്രി 7.30ന് പന്ത് ഉരുളുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും മഞ്ഞപ്പടയ്ക്ക് തൃപ്തി നല്‍കില്ല.

കഴിഞ്ഞ മൂന്ന് സീസണിലും പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിന്റെ കീഴില്‍ പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്ത് ആകെ തോറ്റത് വിരലില്‍ എണ്ണാവുന്ന മത്സരങ്ങളാണ്. കരുത്തരായ മുംബൈയെയും ഗോവയേയും ബാംഗ്ലൂരിനെയും അടക്കം കൊച്ചിയില്‍ കൊമ്പന്മാര്‍ മലര്‍ത്തി അടിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ആദ്യ എട്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ ഇതുവരെ എട്ട് മത്സരങ്ങള്‍ കളിച്ച് പത്താം സ്ഥാനത്താണ് നില്‍ക്കുന്നത്.
കഴിഞ്ഞ ഒക്‌ടോബര്‍ 20ന് മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ്ബുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് അവസാനമായി ജയിച്ചത്. പിന്നാലെ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍. അതില്‍ അവസാന ഹോം മത്സരത്തില്‍ ദുര്‍ബലരായ ഹൈദരാബാദിനോടേറ്റ തോല്‍വി ആരാധകരുടെ ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു. പരിശീലകന്‍ മൈക്കിള്‍ സ്റ്റാറെയുടെ കസേരയ്ക്ക് ചെറിയ രീതിയില്‍ ഇളക്കം തട്ടി തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇനിയും തുടര്‍ തോല്‍വികളാണെങ്കില്‍ സ്റ്റാറെയെ പുറത്താക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നിര്‍ബന്ധിതരായേക്കും. ലൂണ അടക്കമുള്ള മുന്‍നിരതാരങ്ങളുടെ ഫോം ഇല്ലായ്മയാണ് ടീമിനെ വലയ്ക്കുന്നത്. 

പരിക്കിന് ശേഷം തിരികെയെത്തി പന്ത് തട്ടിയ ലൂണ പഴയ പ്രതാപത്തിന്റെ നിഴല്‍രൂപമായി ഒതുങ്ങുകയാണ്. എങ്കിലും ജീസസ് ജിമിനെസും നോവ സദോയിയും ഗോള്‍ അടിക്കുന്നത് ടീമിന് ആശ്വാസമാകുന്നുമുണ്ട്. പരിക്ക് മാറി കളി തുടങ്ങിയ നോവ ഇന്ന് ആദ്യഇലവനില്‍ ഇറങ്ങുമെന്ന് ഉറപ്പാണ്. ഗോള്‍ബാറിന് കീഴില്‍ പകരക്കാരനെ ആശ്രയിക്കേണ്ട അവസ്ഥയില്‍ നിന്ന് ഇന്ന് ബ്ലാസ്റ്റേഴ്‌സിന് മോചനമുണ്ടായേക്കും. ഒന്നാം നമ്പര്‍ ഗോളി സച്ചിന്‍ സുരേഷ് മടങ്ങി വരാനുള്ള സാധ്യത ടീമിനെ ഉണര്‍ത്തുന്നുണ്ട്.
മറുവശത്ത് ചെന്നൈയിന്‍ എഫ് സി ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ ഏറെ ഭേദപ്പെട്ട കളികളാണ് ഈ സീസണില്‍ കാഴ്ച്ചവച്ചിരിക്കുന്നത്. ഇന്ന് ജയിച്ചാല്‍ ചെന്നൈയിന് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്ത് ഇ­രി­പ്പു­റപ്പിക്കാം. ആകെ എട്ട് കളി­കളില്‍ നി­ന്നായി 12 പോയിന്റ് നേടിയ ടീം മൂന്ന് കളികളില്‍ മിന്നും വിജയം സ്വന്തമാക്കി കഴിഞ്ഞു. മൂന്ന് സമനിലയും രണ്ട് തോല്‍വിയും അക്കൗണ്ടിലുണ്ട്.
വില്‍മര്‍ ജോര്‍ദ്ദാന്‍ എന്ന സൂപ്പര്‍ സ്‌ട്രൈക്കറാണ് സന്ദര്‍ശകരുടെ കുന്തമുന. എട്ട് കളിയില്‍ നിന്ന് ആറുഗോളുമായി ടീമിന്റെ ടോപ്‌സ്‌കോററാണ് ഈ കൊളംബിയന്‍ താരം. ഡാനിയല്‍ ചീമ എന്ന ആഫ്രിക്കന്‍ കരുത്തുംകൂടി ചേരുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിനെ പഞ്ഞിക്കിടാം എന്നാണ് ചെന്നൈയിന്‍ കണക്ക് കൂട്ടുന്നത്. എന്തായാലും തുടര്‍ തോല്‍വികളില്‍ കളി ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായി കൊമ്പുകോര്‍ക്കുമ്പോള്‍ അവരെ പിണക്കാതെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് ടീം ഇറങ്ങുന്നത്. അതിന് ഒരു പോംവഴി മാത്രമാണ് മുന്നിലുള്ളത്. ജയം; ജയം മാത്രം.

Exit mobile version