Site icon Janayugom Online

കേരളത്തിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് ദക്ഷിണ കൊറിയ; ഇന്ത്യയിലെ കൊറിയൻ കമ്പനി മേധാവികളുടെ യോഗം വിളിക്കുമെന്ന് മന്ത്രി പി രാജീവ്

ഇലക്ട്രോണിക്‌സ്, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, അടിസ്‌ഥാന സൗകര്യ വികസനം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യമുണ്ടെന്ന് ദക്ഷിണ കൊറിയ. സാങ്കേതിക വിദ്യ കൈമാറ്റത്തിനും മൊബൈൽ ഫോൺ സാങ്കേതികവിദ്യാ മേഖലകളിലും കേരളവുമായി സഹകരിച്ച് പ്രവർത്തിക്കാമെന്ന് ഇന്ത്യയിലെ കൊറിയൻ എംബസി കൊമേഴ്‌സ്യൽ അറ്റാഷെ ക്വാങ് സ്യൂക് യാങ് പറഞ്ഞു. ഇന്ത്യ — കൊറിയ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്‌ഥാനത്തെ നിക്ഷേപക സാധ്യതകളെ കുറിച്ചറിയാൻ ദക്ഷിണ കൊറിയയിൽ നിന്നുള്ള ഉന്നതതല സംഘം കേരളം സന്ദർശിച്ചു. ഇന്ത്യയിലെ കൊറിയൻ എംബസി, ഇന്ത്യ — കൊറിയ ബിസിനസ് കോഓപ്പറേഷൻ സെന്റർ എന്നിവരുടെ നേതൃത്വത്തിലാണ് കൊറിയൻ സംഘം കേരളത്തിലെത്തിയത്.

കൊച്ചിയിൽ മന്ത്രി പി.രാജീവ്, കെ എസ് ഐ ഡി സി ചെയർമാൻ പോൾ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംസ്‌ഥാന സർക്കാർ പ്രതിനിധികളുമായും വാണിജ്യ, വ്യവസായ മേഖലയിൽ നിന്നുള്ള പ്രതിനിധികളുമായും കൊറിയൻ സംഘം ചർച്ച നടത്തി. കേരളത്തിലെ നിക്ഷേപക സാഹചര്യം ബോധ്യപ്പെടുത്തുന്നതിനും നിക്ഷേപത്തിനാവശ്യമായ സൗകര്യം ഒരുക്കുന്നതിനും ഇന്ത്യയിൽ പ്രവർത്തിക്കുന്ന കൊറിയൻ കമ്പനി മേധാവികളുടെ യോഗം രണ്ട് മാസത്തിനുള്ളിൽ വിളിക്കാമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു.

കേരളത്തിലെ മേക്കേഴ്‌സ് വില്ലേജിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളും കെൽട്രോണിന്റെ പ്രവർത്തനങ്ങളും കേരളത്തിന്റെ തനത് വൈദഗ്ധ്യത്തിൻറെ പ്രതീകങ്ങളാണെന്ന് മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പുതിയ വ്യവസായ, വാണിജ്യ നയത്തിൽ ജി എസ് ടി റീഇമ്പേഴ്സ്മെന്റ്, നികുതിയിളവ് തുടങ്ങിയ ആനുകൂല്യങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. നിർമിത ബുദ്ധി, ആയുർവേദ, ബയോ ടെക്‌നോളജി, ഡിസൈൻ, ഭക്ഷ്യ സംസ്ക്കരണം, വൈദ്യുത വാഹനങ്ങൾ, ലോജിസ്റ്റിക്സ്, നാനോ ടെക്‌നോളജി, ടൂറിസം, ത്രീ ഡി പ്രിന്റിംഗ് തുടങ്ങിയ മേഖലകളിൽ മുതൽമുടക്കാൻ കൊറിയ തയാറെങ്കിൽ സർക്കാർ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നൽകി.

കൊച്ചിയിൽ ആരംഭിക്കുന്ന മറൈൻ ക്ലസ്റ്റർ, കൊച്ചി കപ്പൽശാലയുമായി ബന്ധപ്പെട്ട പ്രതിരോധ മേഖല എന്നിവയിൽ കൂടുതൽ നിക്ഷേപക സാധ്യതയുണ്ടെന്ന് പോൾ ആന്റണി ചൂണ്ടിക്കാട്ടി. സീ ഫുഡ് മേഖലയും ഫ്രോസൻ ഫുഡ് മേഖലയും സ്‌പൈസ് മേഖലയിലും കൊറിയയുമായി സഹകരണത്തിന് ഏറെ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.ടി ഇലക്ട്രോണിക്സ്, സീഫുഡ്, ഭക്ഷ്യ സംസകരണം, സ്‌പൈസസ് മേഖലകളിൽ കൊറിയൻ സഹകരണം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയിൽ കെൽട്രോണുമായി സഹകരിക്കാൻ കൊറിയയെ അദ്ദേഹം ക്ഷണിച്ചു. കേരളത്തിൽ കൊറിയൻ നിക്ഷേപത്തിന് ഏറെ സാധ്യതയുണ്ടെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദീപക് അസ്വാനി പറഞ്ഞു.

കേരള സർക്കാരുമായി സഹകരിച്ച് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ സെമിനാർ നടത്തുമെന്നും കേരളത്തിന്റെ തൊഴിൽ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുന്നതിനായി നോളഡ്‌ജ്‌ ഷെയറിംഗ് പരിപാടികൾ സംഘടിപ്പിക്കുമെന്നും ഇന്ത്യ‑കൊറിയ ബിസിനസ് കോഓപ്പറേഷൻ സെന്റർ ദക്ഷിണേഷ്യ മാനേജിംഗ് ഡയറക്ടർ ജൂൻവ ബിൻ വ്യവസായമന്ത്രിക്ക് ഉറപ്പ് നൽകി. ഫിക്കിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൊറിയ — ഇന്ത്യ ഇക്കണോമിക് കോഓപ്പറേഷൻ സെമിനാറിൽ ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദീപക് അസ്വാനി, ഇന്ത്യ — കൊറിയ ബിസിനസ് കോ ഓപ്പറേഷൻ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ മ്യുൻഗ്ലെ ചെയ്, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവർ സംസാരിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് ദക്ഷിണ കൊറിയൻ കമ്പനികൾ നൽകുന്ന ആരോഗ്യ ഉത്പന്നങ്ങളും പി പി ഇ കിറ്റുകളും മന്ത്രി പി രാജീവ് ഏറ്റുവാങ്ങി.

Eng­lish Summary:South Korea expressed inter­est in invest­ing in Kerala
You may also like this video

Exit mobile version