Site iconSite icon Janayugom Online

ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി അറസ്റ്റില്‍

പ്രസിഡന്റ് യൂന്‍ സുക് യോള്‍ സെെനിക നിയമം പ്രഖ്യാപിച്ച സംഭവത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ദക്ഷിണ കൊറിയന്‍ മുന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുനെ അറസ്റ്റ് ചെയ്തു. ഹ്യുനിന്റെ ശുപാര്‍ശ പ്രകാരമാണ് യോള്‍ സെെനിക നിയമം പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
യോള്‍, കിം യോങ് ഹ്യുന്‍, സെെനിക കമാന്‍ഡര്‍ പാര്‍ക്ക് അന്‍ സു എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് മൂന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രോസിക്യൂഷന് പരാതി നല്‍കിയിരുന്നു. സിയോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക് പ്രോസിക്യൂട്ടേഴ്സ് ഓഫിസില്‍ ഹാജരായ ഹ്യുനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു.

ഹ്യുനിന്റെ ഔദ്യോഗിക വസതിയിലും ഓഫിസിലും പൊലീസ് റെയ‍്ഡ് നടത്തി. ആഭ്യന്തര മന്ത്രി ലീ സാങ് മിന്നിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ലീ സാങ്ങും രാജി സമര്‍പ്പിച്ചു. പൊതുജനങ്ങളെ സേവിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം കണക്കിലെടുത്ത് സ്ഥാനമൊഴിയുന്നതായി ലീ സാങ് പ്രസ്താവനയില്‍ അറിയിച്ചു. യോളിനെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് പ്രമേയം, ഭരണകക്ഷിയായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടി വോട്ടെടുപ്പ് ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. 

Exit mobile version